ബൊൽസൊനാരോയും വിവാദങ്ങളും

Monday 03 October 2022 4:41 AM IST

റിയോ ഡി ജനീറോ : ബ്രസീലിൽ കൊവിഡ് മഹാമാരി പടർന്നുപിടിക്കുന്നതിനിടെയിൽ വിവാദപരമായ നയങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും വിമർശനങ്ങൾ നേരിട്ടയാളാണ് ജെയ്ർ ബൊൽസൊനാരോ. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ ബ്രസീൽ ലോകത്ത് രണ്ടാം സ്ഥാനത്ത് നിന്നപ്പോഴും ബൊൽസൊനാരോ അനുയായികൾക്കൊപ്പം വലിയ റാലികളിൽ പങ്കെടുത്തു.

ലോക്ക്ഡൗണുകൾക്കും എതിരായിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വിമുഖത കാട്ടിയ ബൊൽസൊനാരോ ബ്രസീലിയൻ സ്റ്റേറ്റ് ഗവർണർമാരുമായും ഇടഞ്ഞു. രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന നിലപാടെടുത്ത ആരോഗ്യമന്ത്രിയെ ബൊൽസൊനാരോ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നാലെ അധികാരമേറ്റ പുതിയ ആരോഗ്യ മന്ത്രിയാകട്ടെ ബൊൽസൊനാരോയുമായുള്ള വിയോജിപ്പിനെ തുടർന്ന് ഒരു മാസം തികയുന്നതിന് മുന്നേ രാജിവച്ചിരുന്നു.

മാസ്ക് ധരിക്കാതെയും സാമൂഹ്യഅകലം വകവയ്ക്കാതെയും ബൊൽസൊനാരോ പലവട്ടം പ്രത്യക്ഷപ്പെട്ടിരുന്നു. കൊവിഡ് 19ന് കാരണമായ കൊറോണ വൈറസ് ലബോറട്ടറിയിൽ നിർമ്മിച്ച ജൈവായുധമാണെന്ന് ചൈനയുടെ പേരെടുത്ത് പറയാതെ ബൊൽസൊനാരോ വിമർശിച്ചിരുന്നു. കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് രോഗത്തെ നിസാര പനിയെന്ന് പറഞ്ഞ് കളിയാക്കിയ ബൊൽസൊനാരോയ്ക്ക് 2020 ജൂലായിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

അതേ സമയം,​ 2018 ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൊൽസൊനാരോയ്ക്ക് അക്രമിയുടെ കുത്തേറ്റിരുന്നു. അന്ന് കുടലിൽ ആഴത്തിൽ കുത്തേറ്റ ബൊൽസൊനാരോ പിന്നീട് നിരവധി തവണ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്.

Advertisement
Advertisement