ഇന്ത്യയിൽ ഐ ടി,  ഇൻഫോടെക് എന്നാണെങ്കിൽ പാകിസ്ഥാനത് ഇന്റർനാഷണൽ ടെററിസം, പരിഹാസവുമായി കേന്ദ്ര മന്ത്രി എസ് ജയ്‌ശങ്കർ

Monday 03 October 2022 2:59 PM IST

ന്യൂഡൽഹി : പൊതുവേ ഗൗരവക്കാരനായ, നയതന്ത്രജ്ഞനിൽ നിന്നും കേന്ദ്ര മന്ത്രി സ്ഥാനത്തേയ്ക്ക് എത്തിയ എസ് ജയ്‌ശങ്കറും പാകിസ്ഥാനെ പരിഹസിക്കുന്നതിൽ ഒട്ടും പിന്നിലല്ല താനെന്ന് തെളിയിച്ചു. 'ഉയരുന്ന ഇന്ത്യയും ലോകവും: മോദി യുഗത്തിലെ വിദേശനയം' എന്ന വിഷയത്തിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം പാകിസ്ഥാനെ പരിഹസിച്ചത്. ലോകരാജ്യങ്ങളിൽ ഇന്ത്യയെ ഐടി(ഇൻഫർമേഷൻ ടെക്‌നോളജി) വിദഗ്ദ്ധനായി കണക്കാക്കുമ്പോൾ, അയൽ രാജ്യത്തെ അന്താരാഷ്ട്ര തീവ്രവാദത്തിലെ (ഇന്റർനാഷണൽ ടെററിസം) വിദഗ്ദ്ധൻ എന്നാണ് അറിയപ്പെടുന്നത്.


നരേന്ദ്ര മോദി ഭരണകൂടത്തിന്റെ നയതന്ത്രമാണ് മറ്റ് രാജ്യങ്ങളെ തീവ്രവാദ ഭീഷണിയെ ഗൗരവമായി കാണുന്നതിന് ഇടയാക്കിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.

മറ്റൊരു രാജ്യവും പാകിസ്ഥാൻ ചെയ്ത രീതിയിൽ ഭീകരവാദം വളർത്തുന്നില്ല, ഇത്രയും നാൾ പാകിസ്ഥാൻ എന്താണ് ഇന്ത്യയ്‌ക്കെതിരെ ചെയ്തതെന്ന് ലോകത്തിന് മുന്നിൽ കാട്ടിതന്നു. തീവ്രവാദം ഇപ്പോൾ അടങ്ങിയിട്ടില്ലെങ്കിൽ ഭാവിയിൽ തങ്ങൾക്കും ദോഷം ചെയ്യുമെന്ന് ഇന്ത്യ മറ്റ് രാജ്യങ്ങളെ ബോധവാൻമാരാക്കി എന്നും കേന്ദ്ര മന്ത്രി പറഞ്ഞു.


സർദാർ വല്ലഭായ് പട്ടേലിന്റെ 'അവിഭക്ത ഇന്ത്യ' എന്ന കാഴ്ചപ്പാട് മോദി ഭരണകൂടം എങ്ങനെ നിറവേറ്റുമെന്നുള്ള ഒരു വിദ്യാർത്ഥിയുടെ ചോദ്യത്തിന്, വിഭജനം തീവ്രവാദം പോലുള്ള പ്രശ്നങ്ങളിലേക്ക് നയിച്ച വലിയ ദുരന്തമാണെന്ന് ജയശങ്കർ പ്രതികരിച്ചു. 'സർദാർ പട്ടേലിന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഏറ്റവും നല്ല മാർഗം ഇന്ത്യ ശക്തവും വിജയകരവും ആത്മവിശ്വാസവുമുള്ളതായിരിക്കുക എന്നതാണെന്ന് സംവാദത്തിൽ മന്ത്രി പറഞ്ഞു.

Advertisement
Advertisement