ചൈനയുടെ കിതപ്പും ഇന്ത്യയുടെ സാമ്പത്തിക കുതിപ്പും

Monday 03 October 2022 3:53 PM IST

ചൈന ഇപ്പോൾ അസ്ഥിരമാണ് എന്നൊരു കിംവദന്തി ലോകമാകെ പടരുന്നുണ്ട്. സൈനിക അട്ടിമറി നീക്കമാണ് നടന്നതെന്ന തരത്തിലുള്ള ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങൾ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ചൈനയിൽ എന്താണ് സംഭവിക്കുന്നതെന്ന ചോദ്യമാണ് ഇപ്പോൾ ലോകവ്യാപകമായി ഉയരുന്നത്. ‘ദുരൂഹമായത് എന്തോ സംഭവിച്ചു’ എന്ന കാര്യത്തിൽമാത്രം വലിയ തർക്കമില്ല. പൊതുവേ ആഭ്യന്തര വിഷയങ്ങൾ പുറത്തറിയിക്കുന്നതിൽ വൈമുഖ്യമുള്ള രാഷ്ട്രമാണ് ചൈന. അതുകൊണ്ട് എന്താണ് സംഭവിച്ചത് എന്ന് അറിയാൻ നിവൃത്തിയില്ല. ഏകാധിപത്യ ചുറ്റുപാടിൽ ചൈന ഭരിക്കുന്ന പ്രസിഡന്റ് ഷി ചിൻപിങ്ങിനെ സൈനിക അട്ടിമറിയിലൂടെയോ രാഷ്ട്രീയ അട്ടിമറിയിലൂടെയോ പുറത്താക്കിയെന്ന അഭ്യൂഹങ്ങളായിരുന്നു വ്യാപകമായി പ്രചരിച്ചത്. എന്തായാലും ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ ഷി ചിൻ പിങ്ങ് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.


ജനസംഖ്യയില്‍ ലോകത്തെ ഒന്നാം സ്ഥാനം, അമേരിക്കയെപ്പോലും വെല്ലുവിളിക്കുന്ന സാമ്പത്തികശക്തി, ലോകത്തെ ഏറ്റവും വലിയ വിദേശനാണ്യശേഖരം (മൂന്നുലക്ഷം കോടി ഡോളര്‍), അന്താരാഷ്ട്ര കയറ്റുമതി- ഇറക്കുമതി രംഗത്തെ മേല്‍ക്കൈ, ജന സ്വാതന്ത്ര്യമില്ലാത്ത സമഗ്രാധിപത്യഭരണകൂടം എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങളാണ് ഇന്ന് ചൈനയ്ക്കുള്ളതെങ്കിലും ബീജിംഗില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന വാര്‍ത്തകള്‍ സജീവമാണ്.
ജനാധിപത്യമോ, പൗരസ്വാതന്ത്ര്യമോ ഭരണസുതാര്യതയോ ഇല്ലാത്ത ചൈനയില്‍ നിന്നും ആശാവഹമല്ലാത്ത വാര്‍ത്തകള്‍ വരുന്നത് പ്രധാനമായും സാമ്പത്തികരംഗത്തുനിന്നു തന്നെയാണ്. ചൈനയില്‍ എന്തു നടക്കുന്നുവെന്നുള്ളത് പൊതുവേ ആ രാജ്യത്തെ പൗരന്മാര്‍ക്കുപോലും ഒരുപിടിയുമില്ലാത്ത കാര്യമാണ്. എന്നാല്‍, എത്രമൂടിവച്ചാലും ഒരു ഭരണകൂടത്തിനും ഒളിപ്പിക്കാനാവാത്തത് ഒരു രാഷ്ട്രത്തെ സാമ്പത്തിക പ്രതിസന്ധികളായിരിക്കും. ചൈന ഇപ്പോള്‍ അത്തരം പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ജപ്പാനിലെ നോമുറയെപ്പോലുള്ള ലോകത്തെ പ്രമുഖ സാമ്പത്തിക നിരീക്ഷണ ഏജന്‍സികള്‍ സൂചിപ്പിക്കുന്നു.


കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ ആദ്യമായി ചൈനയുടെ സമ്പദ്ഘടന അമേരിക്കയെ അപേക്ഷിച്ച് കുറഞ്ഞ തോതിലാണ് വളര്‍ച്ച കൈവരിക്കുന്നതെന്ന് സാമ്പത്തിക ഏജന്‍സികള്‍ ചൂണ്ടികാട്ടുന്നു. ഇതിന് തെളിവാണ് ബാങ്കുകള്‍ക്ക് ചൈനയുടെ കേന്ദ്രബാങ്ക് നല്‍കുന്ന വായ്പകളുടെ പലിശ നിരക്കും ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്ന വായ്പാനിരക്കും ചൈന വെട്ടിച്ചുരുക്കിയത്.
മാത്രമല്ല, ചൈനയുടെ ആഭ്യന്തര ഉല്പാദന വളര്‍ച്ച (ജിഡിപി) 2022 ജൂണില്‍ അവസാനിച്ച പാദത്തില്‍ വെറും 0.4 ശതമാനം മാത്രമാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡാനന്തരമുള്ള കാലയളവിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാനിരക്കാണിത്.
അതേസമയം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 14 ശതമാനത്തോടടുക്കുന്ന തോതിലായിരുന്നുവെന്ന് കേന്ദ്ര സ്റ്റാറ്റിക്‌സ് വിഭാഗത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. ചൈന ഈ പോക്കു പോയാല്‍ ഈ സാമ്പത്തിക വര്‍ഷത്തെ മൊത്തം വളര്‍ച്ച 2.50 ശതമാനത്തില്‍ ഒതുങ്ങുമെന്നാണ് ഇന്റര്‍നാഷണല്‍ മോണിറ്ററിങ് ഫണ്ട് പറയുന്നത്.


ചൈനയുടെ സാമ്പത്തിക മുരടിപ്പിന്റെ പ്രധാനകാരണങ്ങളിലൊന്ന് ആഭ്യന്തര ഉല്പാദനത്തിന്റെ 25 ശതമാനവും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നായതുകൊണ്ടാണെന്നാണ് നിഗമനം. വന്‍കിട റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ വലിയതോതിലുള്ള കടമെടുപ്പും തിരിച്ചടവും മുടങ്ങിയതും ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കി. ഇതേതുടര്‍ന്ന് ചൈനീസ് കേന്ദ്രബാങ്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നുവെങ്കിലും തിരിച്ചടി നേരിട്ടത് ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ്.


ഭവന വായ്പ എടുത്ത് വീടുകള്‍ ബുക്ക് ചെയ്തിരുന്നവര്‍ക്ക് യഥാസമയം വീടുകള്‍ അനുവദിച്ചു നല്‍കാതായതോടെ അവര്‍ തിരിച്ചടവ് നടത്താതെയായി. മാസത്തവണകളില്‍ മുടക്കം വന്നതോടെ ബാങ്കുകളുടെ ക്രയവിക്രയങ്ങള്‍ കൂടുതല്‍ അവതാളത്തിലായി.
തായ്‌വാന്‍ പ്രശ്‌നത്തില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായതും റഷ്യ- ഉക്രൈന്‍ യുദ്ധമടക്കമുള്ള അന്താരാഷ്ട്ര പ്രശ്‌നങ്ങളും ചൈനയുടെ കയറ്റുമതിയെയും ബാധിച്ചിട്ടുണ്ട്. ചൈനയുടെ ദേശീയ വരുമാനത്തില്‍ കയറ്റുമതി മേഖലയുടെ സംഭാവന 26 ശതമാനമായിരുന്നു. അത് ജൂണ്‍ (2022) പാദത്തില്‍ നാല് ശതമാനത്തിലേക്ക് ഇടിഞ്ഞിരിക്കുകയാണ്. ഇന്ത്യയുമായുള്ള സ്വരചേര്‍ച്ച ഇല്ലായ്മയും കയറ്റുമതി ഇടിവിന് ആക്കം കൂട്ടിയിട്ടുണ്ട്. ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയായ ചൈനയുടെ മാന്ദ്യം രാജ്യാന്തരവിപണികളെയും ബാധിച്ചിട്ടുണ്ടെന്നത് നിസംശയമാണ്. ഇതിന് തെളിവാണ് ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവിള പെട്ടെന്ന് ഇടിയുന്നത്. കുതിച്ചുയര്‍ന്നുകൊണ്ടിരുന്ന എണ്ണവില ഇന്ത്യയെ പോലുള്ള വികസ്വര രാഷ്ട്രങ്ങള്‍ക്ക് ഗുണകരമായി എന്നൊരു ആശ്വാസവുമുണ്ട്.


ചൈനയുടെ സാമ്പത്തികമാന്ദ്യം വെളിപ്പെട്ടു തുടങ്ങിയത് കോവിഡ് കാലത്തിന് ശേഷമാണ്. കോവിഡ് പടര്‍ന്നുപിടിച്ച സമയം ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളും സാമ്പത്തികരംഗത്ത് അവര്‍ക്ക് തിരിച്ചടിയായി. രോഗത്തിന്റെ ഉത്ഭവം അതീവ രഹസ്യമാക്കിവയ്ക്കുകയും ജനങ്ങള്‍ക്ക് കടുത്ത സാമൂഹ്യനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെയാണ് ആഭ്യന്തര ഉത്പാദന വളര്‍ച്ച മുരടിക്കാന്‍ തുടങ്ങിയത്. ദൈനംദിന ജീവിതത്തിലെ തൊഴില്‍പരമായ കൊടുക്കല്‍ വാങ്ങലുകള്‍ അവതാളത്തിലായതോടെ ജനങ്ങളുടെ വരുമാനമാര്‍ഗ്ഗങ്ങള്‍ അടഞ്ഞു. വ്യക്തിയുടെ കടബാദ്ധ്യതകള്‍ വായ്പാ സ്ഥാപനങ്ങളുടേതും ക്രമേണ രാജ്യത്തിന്റേതുമായി മാറാന്‍ അധികകാലം വേണ്ടിവന്നില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. കടംകൊണ്ട് കൂപ്പുകുത്തുകയാണ് ചൈന ഇപ്പോള്‍ എന്നാണ് അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സികളുടെ നിരീക്ഷണം.


കോവിഡ് കാലം ഇന്ത്യയിലും സാമ്പത്തികമാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയെങ്കിലും അതിവേഗമാണ് ഇന്ത്യ സ്ഥിതി തരണം ചെയ്തത്. റിയല്‍ എസ്റ്റേറ്റ് രംഗം ശുദ്ധീകരിക്കാനായി കൊണ്ടുവന്ന റിയല്‍ എസ്റ്റേറ്റ് റഗുലേഷന്‍ ആക്ട്, പാപ്പര്‍ നിയമഭേദഗതി, ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിക്കുന്ന നടപടികള്‍ എന്നിവ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥകള്‍ക്ക് കോവിഡ് കാലത്തും ശക്തിപകര്‍ന്നു. ഉപഭോക്തൃ ഇലക്ട്രോണിക് മേഖല, ഐ.ടി. കയറ്റുമതിമേഖല, നിര്‍മ്മാണ, വാഹന, ഫാര്‍മസ്യൂട്ടിക്കല്‍ രംഗങ്ങളിലും ഇന്ത്യ വന്‍ശക്തിയായി പരിണമിച്ചിരിക്കുകയാണ്. കോവിഡാനന്തരം പലരാജ്യങ്ങളും കടക്കെണിയിലായെങ്കിലും ഇന്ത്യയ്ക്ക് 570 ബില്ല്യണ്‍ ഡോളറിനു മുകളില്‍ വിദേശനാണ്യ കരുതല്‍ ശേഖരമുള്ളത് ഒട്ടും ചെറിയ കാര്യമല്ല. വികസിതരാഷ്ട്രങ്ങള്‍ ഇപ്പോള്‍ പിന്തുടരുന്ന ചൈന പ്ലസ് വണ്‍ നയവും ഇന്ത്യയ്ക്ക് അനുകൂലമാണ്. എങ്കിലും ഇന്ത്യയ്ക്ക് ഇനിയും ബഹുദൂരം മുന്നോട്ടുപോകേണ്ടതുണ്ട് , പ്രത്യേകിച്ചും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം പോലുള്ള കാര്യങ്ങളില്‍.

* (വേൾഡ് ഹിന്ദു പാർലമെന്റ് ചെയർമാനും ഫൊക്കാന മുൻ പ്രസിഡന്റുമാണ് ലേഖകൻ)