അരുന്ധതിയുടെ യൗവനത്തെ കുപ്പിവളയണിയിച്ച എ വൺ ഇനിയില്ല.

Tuesday 04 October 2022 12:00 AM IST

കോട്ടയം. അരുന്ധതി റോയിക്ക് ബുക്കർ പ്രൈസ് നേ‌ടിക്കൊടുത്ത നോവലായ 'ഗോഡ് ഒഫ് സ്മോൾ തിംഗ്സി'ൽ ഇടം പിടിച്ച കോട്ടയത്തെ 'എ വൺ ലേഡീസ് സ്റ്റോറി'നും താഴുവീണു. കോട്ടയത്തുകാരെ സുന്ദരികളും സുന്ദരന്മാരുമാക്കി നിലനിറുത്തിയിരുന്ന തിരുനക്കര സ്വകാര്യബസ് സ്റ്റാൻഡ് കവാടത്തിന് മുന്നിലെ ഈ ലേഡീസ് സ്റ്റോറിൽ നിന്നായിരുന്നു ചാന്തും പൊട്ടും കൺമഷിയും കുപ്പിവളകളും മറ്റും അരുന്ധതി വാങ്ങിയിരുന്നത്. മൂന്നു വർഷം മുമ്പ് അമ്പതാംവാർഷികം ആഘോഷിച്ചപ്പോൾ മുഖ്യാതിഥിയായി എത്തിയ അരുന്ധതി തന്റെ യൗവനകാല ഓർമകളിൽ സിന്ദൂരം പൂശിയ എ വൺ ലേഡീസ് സ്റ്റോറിനെക്കുറിച്ച് ഗൃഹാതുരത്വത്തോടെ സംസാരിച്ചിരുന്നു.

കോട്ടയത്തും പുറത്തും ഉള്ളവർ സകല സൗന്ദര്യ വസ്തുക്കളും പേരക്കുട്ടികൾക്കു കളിപ്പാട്ടങ്ങളും വാങ്ങിയിരുന്നത് ഇവിടെ നിന്നായിരുന്നു. എ വണിൽ കയറി ശിങ്കാർ പൊട്ടും കൺമഷിയും വാങ്ങാൻ മറക്കരുതെന്ന് ഭാര്യമാർ ഭർത്താക്കന്മാരെ ഓർമിപ്പിച്ചിരുന്നത്ര അടുപ്പം ഉണ്ടായിരുന്ന 'എ വൺ' കോടതി വിധിയെ തുടർന്ന് തിരുനക്കര ബസ് സ്റ്റാൻഡ് പൊളിക്കുന്നതിന്റെ ഭാഗമായിട്ടാണ് പൂട്ടിയത്. ഇപ്പോഴത്തെ ഉടമ അബുബക്കറുടെ ബാപ്പ കനിയപ്പയാണ് സ്റ്റോർ ആരംഭിച്ചത് . തിരുനക്കര ആര്യഭവൻ ഹോട്ടലിലെ മസാലദോശ പോലെ ആനന്ദമന്ദിരത്തിലെ നെയ് റോസ്റ്റു പോലെ ഒരു തലമുറയുടെ ഓർമകളിൽ സുഗന്ധം പരത്തി കോട്ടയത്തിന്റെ ലാൻഡ് മാർക്കായിരുന്നു എ വൺ. തിരുനക്കരക്ക് സമീപം മറ്റൊരു കെട്ടിടത്തിൽ തുറന്നു പ്രവർത്തിപ്പിക്കുമെന്ന് അബുബക്കർ പറയുന്നുണ്ടെങ്കിലും പഴയ കടയുമായുള്ള ഗൃഹാതുരത്വം ഇവിടം കൊണ്ടവസാനിക്കുകയാണ്.

എ വൺ ലേഡീസ് സ്റ്റോറിനെക്കുറിച്ചുള്ള ഓർമ നിരവധി പേരാണ് ഫേസ് ബുക്കിൽ പങ്കുവച്ചത് .

52 ഓളം സ്ഥാപനങ്ങളാണ് തിരുനക്കര ബസ്‌സ്റ്റാൻഡ് കോംപ്ലക്സിൽ നിന്ന് കൂടിയിറക്കപ്പെടുന്നത് . ഒപ്പം 800 ഓളം തൊഴിലാളികളും. പുതിയ ബസ് സ്റ്റാൻഡ് കോംപ്ലക്സിൽ എല്ലാ കടക്കാർക്കും ഇടം നൽകുമെന്ന് നഗരസഭാ അധികൃതർ പറയുന്നുണ്ടെങ്കിലും അതിലത്ര ഉറപ്പു പോര.

Advertisement
Advertisement