ആദിമ മനുഷ്യന്റെ ഘടനയും മനുഷ്യപരിണാമവും പഠിച്ച സ്വാന്റേ പേബുവിന് വൈദ്യശാസ്‌ത്ര നൊബേൽ

Monday 03 October 2022 5:51 PM IST

സ്‌റ്റോക്‌ഹോം: ആദിമ മനുഷ്യന്റെ ജനിതക ഘടനയും ആധുനിക മനുഷ്യനായ ഹോമോ സാപ്പിയൻസിന്റെ പരിണാമവും പഠിച്ച സ്വീഡിഷ് ജനിതക ശാസ്‌ത്രജ്ഞൻ സ്വാന്റേ പേബുവിന് വൈദ്യശാസ്‌ത്രത്തിനുള‌ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരം. ആദിമ മനുഷ്യനിൽ നിന്ന് ഇപ്പോഴത്തെ മനുഷ്യ വർഗം എങ്ങനെ വ്യത്യസ്‌തരായി പരിണമിച്ചു എന്ന പഠനമാണ് പേബു നടത്തിയ ജനിതക ഗവേഷണത്തിലുള‌ളത്. ഇതാണ് നൊബേൽ പുരസ്‌കാരത്തിന് അദ്ദേഹത്തെ തിരഞ്ഞെടുക്കാൻ കാരണമായതെന്ന് നൊബേൽ പുരസ്‌കാര സമിതി അറിയിച്ചു.

കഴിഞ്ഞ രണ്ട് കൊല്ലമായി കൊവിഡ് മൂലം അവാർഡ് വിതരണം നടന്നിരുന്നില്ല. ഇത്തവണ ഗംഭിര ചടങ്ങായി അവാർഡ് വിതരണമുണ്ടാകും. 10 മില്യൺ സ്വീഡിഷ് ക്രൗൺസ് (ഏകദേശം 900,357 ഡോളർ) ആണ് സമ്മാനത്തുക. 40000 വർഷം മുൻപുള‌ള ഒരു അസ്ഥിയിലാണ് പേബു ഗവേഷണം നടത്തിയത്. വംശനാശം വന്ന ആദിമ മനുഷ്യൻ ഹോമിനിനും ഇപ്പോഴുള‌ള ഹോമോസാപ്പിയൻസും തമ്മിൽ 70,000 വർഷം മുൻപ് ജനിതക കൈമാറ്റം നടന്നിട്ടുണ്ടെന്ന സുപ്രധാന കണ്ടെത്തൽ പേബു നടത്തിയിട്ടുണ്ട്. ആ ജനിതക കൈമാറ്റം ഇന്ന് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധത്തിലടക്കം എങ്ങനെ പങ്കുവഹിക്കുന്നു എന്നതാണ് അദ്ദേഹം കണ്ടെത്തിയത്.

Advertisement
Advertisement