സ‌പ്‌തതി നിറവിൽ കെ.ജയകുമാർ, സിനിമ സംവിധാനം ചെയ്യും, സർവീസ് ജീവിതമെഴുതും

Tuesday 04 October 2022 1:51 AM IST

തിരുവനന്തപുരം: മലയാളികൾ ഹൃദയത്തിലേറ്റിയ ഒരുപിടി ചലച്ചിത്ര ഗാനങ്ങളുടെ രചയിതാവും കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ സ‌പ്‌തതി നിറവിൽ. 1952 ഒക്‌ടോബർ ആറിന് സംവിധായകൻ എം.കൃഷ്‌ണൻ നായരുടെയും സുലോചനാദേവിയുടെയും മകനായി ജനിച്ച അദ്ദേഹത്തിന് മറ്റന്നാളാണ് എഴുപതാം പിറന്നാൾ. കന്നിമാസത്തിലെ കാർത്തികയാണ് ജന്മനക്ഷത്രം. മലയാള സർവകലാശാല വൈസ് ചാൻസലർ പദവി ഉൾപ്പെടെ വഹിച്ചിട്ടുള്ള അദ്ദേഹം കുടുംബവും ആത്മീയതയുമാണ് തന്റെ കരുത്തെന്ന് വ്യക്തമാക്കുന്നു.

എഴുപതാം ജന്മദിനം പ്രമാണിച്ച് എഴുപതുപേർ അദ്ദേഹത്തെക്കുറിച്ചെഴുതിയ കുറിപ്പുകൾ ചേർത്തുവച്ച് കവി സെബാസ്റ്റ്യൻ എഡിറ്റ് ചെയ്‌ത പുസ്‌തകത്തിന്റെ പ്രകാശനവും ജയകുമാറിന്റെ ചിത്രപ്രദർശനവും സുഹൃത്തുക്കൾചേർന്ന് ഭാരത്‌ഭവനിൽ സംഘടിപ്പിക്കാനിരുന്നെങ്കിലും കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തെ തുടർന്ന് മാറ്റിവച്ചു.

ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ നഷ്‌ട ജാതകമായിരുന്നില്ലെന്ന് ജയകുമാർ പറയുന്നു. ഐ.എം.ജി ഡയറക്‌ടർ പദവിയിൽ കുറച്ചുനാൾ കൂടി കാണും. അതുകഴിഞ്ഞ് മനസിലെ സംവിധായക മോഹം സാക്ഷാത്കരിക്കും. തിരക്കഥാ ചർച്ചകൾ എന്നോടുതന്നെ തുടങ്ങിയിട്ടുണ്ട്. എനിക്ക് പരിചയമില്ലാത്ത ജീവിത സാഹചര്യത്തെപ്പറ്റി പറയുന്ന കച്ചവട സിനിമയായിരിക്കില്ല അത്. സിനിമയിൽ ആത്മാവിഷ്‌കാരം ഉണ്ടായിരിക്കും. അധികാര കേന്ദ്രങ്ങളുമായി ബന്ധപ്പെടുമ്പോൾ ഒരു സാധാരണ മനുഷ്യനുണ്ടാകുന്ന പ്രശ്‌നങ്ങളാകും ഉളളടക്കം. ചിത്രകലയിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും ആഗ്രഹമുണ്ട്.

ഞെട്ടിക്കുന്ന സർവീസ് സ്റ്റോറി ഒന്നും പറയാൻ ഉദ്ദേശമില്ല. സർവീസിലെ എന്റെ കാഴ്ചകൾ, ജീവിതം ഒക്കെ എഴുതണമെന്നുണ്ട്. ഐ.എ.എസിൽ കയറിയാൽ നമ്മുടെ ജീവിതം എങ്ങനെ പരുവപ്പെടണമെന്നതൊക്കെ അനുഭവങ്ങളിലൂടെ പങ്കുവയ്‌ക്കണം. ലളിതഗാനങ്ങൾ, ആൽബം പാട്ടുകൾ, ഭക്തിഗാനങ്ങൾ,​ നാടക, സിനിമാ ഗാനങ്ങൾ ഒക്കെയായി അഞ്ഞൂറോളം പാട്ടുകളെഴുതി. എങ്കിലും 'ചന്ദനലേപ സുഗന്ധം' ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരുവീട്ടിൽ ഒരുപാട് പേരെടുത്ത ഒരു കുട്ടിയുണ്ടാകുമല്ലോ? പക്ഷേ, അതാണ് മികച്ചരചന എന്ന് തോന്നുന്നില്ല.

ആത്മാവിഷ്കാരത്തിന്റെ ഭാഗമായാണ് കവിതയെ കാണുന്നത്. പേര് വരാനല്ല എഴുതുന്നത്. ഞാനൊരു ഐ.എ.എസ് ഉദ്യോഗസ്ഥൻ ആയിരുന്നെന്നോ, വൈസ് ചാൻസലർ ആയിരുന്നെന്നോ ഉള്ള തെളിവുകളെല്ലാം കാലം മായ്ച്ചുകളഞ്ഞോട്ടെ. പക്ഷേ, എന്നിലെ കവിയെ ചരിത്രം രേഖപ്പെടുത്തിയാൽ ഞാൻ എന്റെ ഹൃദയത്തോട് കൂറ് പുലർത്തിയെന്ന് കരുതാമെന്നും ജയകുമാർ പറയുന്നു.

Advertisement
Advertisement