കവർച്ചയ്ക്കിടെ വീട്ടുകാരനെ വെട്ടി, മരിയാർ പൂതം വീണ്ടും പിടിയിൽ

Tuesday 04 October 2022 1:33 AM IST

കൊച്ചി: കവർച്ചാശ്രമം തടഞ്ഞ ഗൃഹനാഥനെ വാക്കത്തിക്ക് വെട്ടിയ കുപ്രസിദ്ധ മോഷ്ടാവ് മരിയാർ പൂതമെന്ന് അറിയപ്പെടുന്ന തമിഴ്‌നാട് കുളച്ചൽ സ്വദേശി ജോൺസണെ (54) നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. കലൂർ കതൃക്കടവ് കാട്ടാക്കര റോഡിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് വെള്ളൂർ മേട്ടുപ്പാളയം സ്വദേശി കന്തസ്വാമിക്കാണ് (45) വെട്ടേറ്റത്. തലയ്ക്കും കൈയ്ക്കും മുറിവേറ്റ ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി വിട്ടു.

ഇന്നലെ പുലർച്ചെ 2.30ഓടെയാണ് നാടകീയ സംഭവങ്ങൾ. ഭിത്തിതുരന്ന് വീടിനകത്ത് കയറിയ മരിയാർപൂതം കവർച്ചയ്ക്ക് ശ്രമിക്കുന്നതിനിടെ കന്തസ്വാമിയുടെ മുന്നിൽപ്പെട്ടു. പിടിത്തം വീണതോടെ മരിയാർ പൂതം കന്തസ്വാമിയെ കൈയിലുണ്ടായിരുന്ന വാക്കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. കന്തസ്വാമിയുടെ കരച്ചിൽകേട്ട് ഓടിക്കൂടിയ അയൽവാസികൾ മരിയാർ പൂതത്തെ തടഞ്ഞുവച്ച് പൊലീസിനെ വിളിച്ചുവരുത്തി. തലയിൽ രണ്ടും കൈയിൽ മൂന്നും തുന്നിക്കെട്ടുണ്ട്. ട്രെയിനിൽ ടിക്കറ്റെടുക്കാതെ എറണാകുളത്ത് എത്തുന്ന മരിയാർ പൂതം, മതിൽ ചാടാനും മതിലിലൂടെയും അതിവേഗത്തിൽ ഓടിമറയാനും വിദഗ്ദ്ധനാണ്. വീട്ടുവളപ്പിൽ നിന്ന് ശേഖരിക്കുന്ന ആയുധങ്ങൾ ഉപയോഗിച്ചാണ് കവർച്ചയത്രയും നടത്തിയിട്ടുള്ളത്.കലൂരിലെ മോഷണക്കേസിൽ ജയിലിലായ മരിയാർ പൂതം അടുത്തിടെയാണ് പുറത്തിറങ്ങിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.‌

പൊലീസിന് മുന്നറിയിപ്പ്

ആറ് വർഷം മുമ്പ് നോർത്ത് പൊലീസിന്റെ പിടിയിലായപ്പോൾ ഇനിയുള്ള തന്റെ മോഷണങ്ങൾ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലായിരിക്കുമെന്ന് മരിയാർപൂതം മുന്നറിയിപ്പ് നൽകിയിരുന്നു. 2018ലാണ് അവസാനമായി ഇയാളെ നോർത്ത് പൊലീസ് പിടികൂടിയത്. 2008, 2012, 2017 വർഷങ്ങളിലും കുടുങ്ങി. 2008ൽ മൂന്നരവർഷത്തെ ജയിൽവാസത്തിനശേഷം 2011 നവംബറിൽ പുറത്തിറങ്ങിയ ശേഷം മോഷണം സജീവമാക്കി. ആളില്ലാത്ത വീടുകളുടെ മുകളിൽ കിടന്നുറങ്ങി പാതിരാത്രി മോഷണം നടത്തുകയാണ് പതിവ്. മോഷണം കഴിഞ്ഞാൽ ട്രെയിനിൽ കയറി നാട് വിടും.

40 വർഷം, 400 മോഷണം

40 വർഷത്തിനിടെ കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലായി 400ലധികം വീടുകളിലും കടകളിലുമാണ് മരിയാർ പൂതം മോഷണം നടത്തിയത്. 20 വർഷത്തിലധികം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ അഞ്ചു പ്രാവശ്യം ഗുണ്ടാ ആക്ട് പ്രകാരവും പിടിയിലായി. 2018 നവംബറിൽ പോണ്ടിച്ചേരി ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങിയ മരിയാർ പൂതം തട്ടകം കേരളത്തിലേക്ക് മാറ്റുകയായിരുന്നു.