തോക്കുമായി കവർച്ചാശ്രമം; മുഹമ്മദ് ഷെമീം കൊടും ക്രിമിനലെന്ന് സൂചന

Tuesday 04 October 2022 2:47 AM IST

 തട്ടിപ്പുകൾക്ക് ഉപയോഗിച്ചത് വ്യാജ ആധാർ

തിരുവനന്തപുരം: നഗരത്തിൽ തോക്കുമായി കവർച്ച നടത്തിയ കേസിൽ യു.പിയിലെ തിരുട്ടുഗ്രാമത്തിൽ നിന്ന് പൊലീസ് അറസ്റ്റുചെയ്‌ത മുഹമ്മദ് ഷെമീം ( 28 ) കൊടും ക്രിമിനലെന്ന് സൂചന. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇയാളുടെ നേതൃത്വത്തിലുള്ള സംഘം സമാന രീതിയിൽ നിരവധി കവ‌ർച്ചകളും തട്ടിപ്പുകളും നടത്തിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ സമീപകാല ഓപ്പറേഷൻ.

കവർച്ചകൾക്കുശേഷം പിടിക്കപ്പെടാതിരിക്കാൻ യു.പിയിലെ തിരുട്ട് ഗ്രാമമായ സീമാപ്പൂരിലെ ഒളിത്താവളത്തിൽ അഭയംതേടുന്നതാണ് ഇവരുടെ രീതി. തോക്കുൾപ്പെടെയുള്ള മാരക ആയുധങ്ങളുമായി കവർച്ച നടത്തുന്ന ഇവരെ പ്രതിരോധിക്കാൻ ശ്രമിച്ചാൽ ആളുകളെ ആക്രമിക്കും. യു.പി, ഡൽഹി, രാജസ്ഥാൻ, ബീഹാർ എന്നിവിടങ്ങളിലും ഇവ‌ർക്കെതിരെ കവർച്ചയ്‌ക്കും തട്ടിപ്പിനും കേസുകളുള്ളതായി പൊലീസിന് സൂചനയുണ്ട്. തുണിക്കച്ചവടത്തിനെന്ന വ്യാജേന വമ്പൻ കവ‌ർച്ചകൾ ആസൂത്രണം ചെയ്‌താണ് സംഘം കേരളത്തിലെത്തിയത്.

കവ‌ർച്ചയ്‌ക്കായി കേരളത്തിൽ താമസിക്കാനും സ്‌കൂട്ടർ വാടകയ്ക്കെടുക്കാനും ഉൾപ്പെടെ ഇവർ വ്യാജ തിരിച്ചറിയൽ രേഖകളായിരുന്നു ഉപയോഗിച്ചിരുന്നത്. മൊഹ്ദ് മൊനീഷെന്ന പേരിലുള്ള വ്യാജ തിരിച്ചറിയൽ രേഖയാണ് സ്‌കൂട്ടർ വാടകയ്ക്കെടുക്കാൻ ഇവർ ഉപയോഗിച്ചത്. കഴിഞ്ഞദിവസം യു.പി പൊലീസിന്റെ സഹായത്തോടെ പിടികൂടിയ മുഹമ്മദ് ഷെമീമിനെ അവിടത്തെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റോടെയാണ് ട്രെയിനിൽ കേരളത്തിലേക്ക് കൊണ്ടുവരുന്നത്.

ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തുന്ന മുഹമ്മദ് ഷെമീമിനെ കോടതിയിൽ ഹാജരാക്കിയശേഷം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണവും തെളിവെടുപ്പും നടത്താനാണ് പൊലീസ് ആലോചിക്കുന്നത്. സംഭവത്തിൽ ഇയാളുടെ കൂട്ടാളികളെ തിരിച്ചറിഞ്ഞെങ്കിലും ആരെയും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

Advertisement
Advertisement