കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: പ്രചാരണത്തിനിറങ്ങുന്നവർ സ്ഥാനം രാജിവയ്ക്കണം

Tuesday 04 October 2022 12:49 AM IST

ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്നും ആർക്കെങ്കിലും വേണ്ടി പ്രചാരണത്തിനിറങ്ങുന്നവർ ഔദ്യോഗിക പദവി രാജിവയ്ക്കണമെന്നും കോൺഗ്രസ് തിരഞ്ഞെടുപ്പ് അതോറിട്ടി. മല്ലികാർജുൻ ഖാർഗെയും ഡോ. ശശി തരൂരും സ്വന്തം നിലയ്ക്കാണ് മത്സരിക്കുന്നതെന്നും അതോറിട്ടി അദ്ധ്യക്ഷന്റെ മാർഗരേഖയിൽ പറയുന്നു.

പ്രസിഡന്റായി ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാം.

സംസ്ഥാനങ്ങളിൽ പ്രചാരണത്തിനെത്തുന്ന സ്ഥാനാർത്ഥികൾക്ക് പി.സി.സി അദ്ധ്യക്ഷന്മാർ സൗകര്യമൊരുക്കണം. വോട്ടർമാരെ കൊണ്ടുവരാൻ സ്ഥാനാർത്ഥികൾ വാഹനം ഒരുക്കരുത്. പ്രചാരണത്തിന് മോശം ലഘുലേഖ പുറത്തിറക്കിയാൽ സ്ഥാനാർത്ഥിത്വം അസാധുവാക്കുമെന്നും മാർഗരേഖ പറയുന്നു.

അതേസമയം തിരഞ്ഞെടുപ്പ് അതോറിട്ടിയുടെ മാർഗരേഖയെ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ. ശശി തരൂർ സ്വാഗതം ചെയ്തു. ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് പദവി താൻ കഴിഞ്ഞ മാസം രാജിവച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദൂപീന്ദർഹുഡ, ഗൗരവ് വല്ലഭ് തുടങ്ങിയവർ ഖാർഗെയുടെ പ്രചാരണത്തിനായി കോൺഗ്രസ് വക്താവ് സ്ഥാനം രാജിവച്ചിരുന്നു.

 തരൂർ ഹൈദരാബാദിൽ

പ്രചാരണത്തിനായി ഇന്നലെ ഹൈദരാബാദിലെത്തിയ തരൂർ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്രയിലെ രണ്ട് ദിവസത്തെ പ്രചാരണത്തിന് ശേഷമാണ് അദ്ദേഹം ഹൈദരാബാദിലെത്തിയത്. അതേസമയം ഖാർഗെയുടെ പ്രചാരണം തമിഴ്നാട്ടിൽ നിന്ന് തുടങ്ങും. ഇപ്പോൾ ജി. 23 കാമ്പില്ലെന്നും ബി.ജെ.പി - ആർ.എസ്.എസ് സംഘടനകൾക്കെതിരെ ഒറ്റക്കെട്ടായി നിന്ന് പോരാടാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. സമവായ സ്ഥാനാർത്ഥിയുണ്ടാകണമെന്നാണ് താൻ പറഞ്ഞത്. എന്നാൽ മത്സരിക്കണമെന്നായിരുന്നു ശശി തരൂരിന്റെ നിലപാട്. താൻ പ്രസിഡന്റായാൽ ഗാന്ധി കുടുംബവുമായും മുതിർന്ന നേതാക്കളുമായും ആലോചിച്ച് നല്ല കാര്യങ്ങൾ നടപ്പിലാക്കും ഖാർഗെ പറഞ്ഞു.

 സോണിയയും പ്രിയങ്കയും ഭാരത് ജോഡോയിൽ

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആറിന് അണിചേരും. ഇതിനായി സോണിയ ഗാന്ധി ഇന്നലെ കർണാടകയിലെത്തി. കൂർഗ്ഗിലെ മടിക്കേരിയിലെ സ്വകാര്യ റിസോർട്ടിലാണ് സോണിയ തങ്ങുന്നത്. മൈസൂരിലെ യാത്ര പൂർത്തിയാക്കിയ ശേഷം രാഹുൽ മടിക്കേരിയിലെത്തി സോണിയയെ കാണും. യാത്ര പുനഃരാരംഭിക്കുന്നതിനിടയിലുള്ള രണ്ട് ദിവസം രാഹുലും സോണിയയ്ക്കൊപ്പം ഉണ്ടാകും.

Advertisement
Advertisement