കോൺഗ്രസും സംഘടനാ തിരഞ്ഞെടുപ്പും

Tuesday 04 October 2022 2:52 AM IST

ഇന്ത്യൻ നാഷണൽ കോൺഗ്രസ് അദ്ധ്യക്ഷപദവിയിലേക്ക് ഒടുവിൽ ജനാധിപത്യപരമായ മത്സരത്തിന് അവസരമൊരുങ്ങിയിരിക്കുന്നു. പൂർണാർത്ഥത്തിൽ അങ്ങനെ തന്നെയാണോ എന്നിപ്പോഴും നിശ്ചയമായിട്ടില്ല. കാരണം മത്സരിക്കുന്നവരിൽ ഒരാൾ കോൺഗ്രസ് ഔദ്യോഗിക നേതൃത്വത്തിന്റെ സ്വന്തം സ്ഥാനാർത്ഥിയാണ് എന്ന പ്രചാരണം തന്നെ. മല്ലികാർജുന ഖാർഗെയാണ് ആ സ്ഥാനാർത്ഥി. കടിഞ്ഞാൺ ഇപ്പോഴും നെഹ്റു കുടുംബത്തിന്റെ കൈയിലാണെന്ന് ഊട്ടിയുറപ്പിക്കും വിധമാണ് ഖാർഗെയുടെ രംഗപ്രവേശവും നീക്കങ്ങളുമെല്ലാം. എങ്കിലും മത്സരം നടക്കട്ടെ, നെഹ്റു കുടുംബത്തിൽ നിന്നാരും മത്സരിക്കാനില്ലെന്ന് നിലപാടെടുത്ത രാഹുൽ ഗാന്ധിയോട് കോൺഗ്രസ് പ്രവർത്തകർ ഇപ്പോൾ നന്ദി പറയുന്നുണ്ടാവും.

രാജ്യത്ത് കോൺഗ്രസ് അതിന്റെ ഏറ്റവും ദുർഘടാവസ്ഥയിൽ ഇഴഞ്ഞും കിതച്ചും നീങ്ങിക്കൊണ്ടിരിക്കുന്ന സന്ദർഭമാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് ശേഷം രാഹുൽഗാന്ധി അദ്ധ്യക്ഷപദവി ഒഴിഞ്ഞു. അദ്ദേഹത്തിന്റെ മാതാവ് സോണിയ ഗാന്ധി അനാരോഗ്യം അലട്ടിയിട്ടും താത്ക്കാലിക അദ്ധ്യക്ഷപദവിയിൽ തുടരുന്നു. ഒരു സ്ഥിരം അദ്ധ്യക്ഷനില്ലാത്ത മൂന്ന് വർഷത്തിനിടയിൽ കോൺഗ്രസിൽ സംഭവിച്ചതെന്തെല്ലാമാണ്. പഞ്ചാബിൽ അധികാരം കൈവിട്ടു. ആം ആദ്മി ഭരണം കൊണ്ടുപോയി. രാജ്യത്ത് ആകെ കോൺഗ്രസിന് ഭരണം അവശേഷിക്കുന്നത് രാജസ്ഥാനിലും ഛത്തിസ്ഗഢിലുമാണ്. ഓരോ സംസ്ഥാനത്തും പാർട്ടി നേതാക്കൾ ബി.ജെ.പിയിലേക്ക് ചേക്കേറുന്നു. ഉദരനിമിത്തം, ബഹുകൃതവേഷം എന്ന മട്ട്. ഗോവയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ബി.ജെ.പിയിലേക്ക് കൂറുമാറിപ്പോകില്ലെന്ന് ദൈവത്തിന് മുമ്പാകെ നിറുത്തി സ്ഥാനാർത്ഥികളെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ട പരിഹാസ്യമായ അവസ്ഥയിലേക്ക് പോലും കോൺഗ്രസ് കൂപ്പുകുത്തി. എന്നിട്ടെന്താണ് സംഭവിച്ചത്. അവരെല്ലാം ജയിച്ച് എം.എൽ.എയായ ശേഷം കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറി. തന്റെ മുന്നിൽ പ്രതിജ്ഞയെടുത്ത എം.എൽ.എമാർ കൂട്ടമായി പറന്നുപോകുന്നത് കണ്ടിട്ട് ദൈവം പോലും നിസ്സഹായനായി നിലവിളിച്ചിട്ടുണ്ടാകും. ദൈവത്തിന് പോലും രക്ഷിക്കാനാവാത്ത പാർട്ടി എന്ന് കോൺഗ്രസ് പഴികേട്ടുകൊണ്ടിരിക്കുന്നു.

ഇതിനിടയിലാണ് സംഘടനാ തിരഞ്ഞെടുപ്പിലൂടെ ഒരു പുനരുജ്ജീവനം കോൺഗ്രസ് ആത്മാർത്ഥമായും ആഗ്രഹിച്ച് പോയത്. കോൺഗ്രസ് അദ്ധ്യക്ഷനാവാൻ താനില്ലെന്ന് രാഹുൽഗാന്ധി തറപ്പിച്ച് പറഞ്ഞതോടെയാണ് കോൺഗ്രസ് പാർട്ടി അതിന് തയാറായത്. എന്നിട്ടും കോൺഗ്രസുകാരിൽ ബഹുഭൂരിപക്ഷവും നെഹ്റു കുടുംബത്തിന്റെ കൈകളിൽനിന്ന് പാർട്ടി കുതറിമാറിപ്പോകരുതെന്ന് ആഗ്രഹിച്ചുകൊണ്ടേയിരിക്കുന്നു. അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങിയപ്പോൾ കണ്ടതും അതാണ്.

നെഹ്റു കുടുംബത്തിന് പ്രത്യേക സ്ഥാനാർത്ഥിയില്ലെന്നും ആർക്കും മത്സരിക്കാമെന്നുമാണ് സോണിയഗാന്ധിയും രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും വ്യക്തമാക്കിയതെങ്കിലും എല്ലാവരും ഇപ്പോഴത്തെ സ്ഥാനാർത്ഥികളിലൊരാളായ മല്ലികാർജുന ഖാർഗെയ്ക്ക് ഔദ്യോഗിക പരിവേഷം നൽകാൻ മത്സരിക്കുന്നുവെന്നതാണ് കാഴ്ച. അതുകൊണ്ട് ജനാധിപത്യപരമായ ഒരു തിരഞ്ഞെടുപ്പ് നടക്കുമോയെന്ന സന്ദേഹം അത്ര തള്ളിക്കളയാവുന്നതല്ല. എന്നാലും ആഗോളതലത്തിലെ അനുഭവങ്ങൾ സ്വായത്തമാക്കിയിട്ടുള്ള ഡോ. ശശി തരൂരിന്റെ മത്സരരംഗത്തേക്കുള്ള കടന്നുവരവ് കോൺഗ്രസിനകത്തേക്ക് ജനാധിപത്യത്തിന്റെ ശുദ്ധവായു കടത്തിവിടാൻ വഴിയൊരുക്കിയിരിക്കുന്നു എന്ന് പറയാതെവയ്യ. ശയ്യാവലംബിയായ കോൺഗ്രസിനെ സ്വാഭാവികമരണത്തിലേക്ക് തള്ളിവിടാതിരിക്കാനുള്ള കരുതലും ആത്മാർത്ഥതയുമാണ് തരൂരിന്റെ നിലപാടിൽ സാധാരണ ആളുകൾ കാണുന്നത്. തരൂർ ആണ് ശരിക്കും കോൺഗ്രസിന്റെ ഇന്റൻസീവ് കെയർ യൂണിറ്റ് സജ്ജമാക്കിയതെന്ന് കരുതേണ്ടിയിരിക്കുന്നു.

രാഹുൽഗാന്ധിയും

ജോഡോ യാത്രയും

കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് ഭാരത് ജോഡോ യാത്ര നടത്തുകയാണ് രാഹുൽഗാന്ധി. ഇന്ത്യയെ ഒന്നിപ്പിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി രാജ്യത്തെ അറിയാനുള്ള അദ്ദേഹത്തിന്റെ ഈ യാത്ര എന്തുകൊണ്ടും രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയിൽ അഭികാമ്യമായ ഒന്നാണെന്നതിൽ തർക്കമില്ല.

കന്യാകുമാരിയിൽ നിന്ന് തുടങ്ങി കേരളവും പിന്നിട്ട് കർണാടകയിലൂടെ സഞ്ചരിക്കുകയാണ് രാഹുൽ. രാവിലെയും വൈകിട്ടും കാൽനടയായി അദ്ദേഹം ആളുകളെ സമീപിക്കുന്നു. ഇതൊരു നല്ല അനുഭവമാണ്. രാജ്യത്ത് വർഗീയവിദ്വേഷത്തിന്റെയും വിഭജനരാഷ്ട്രീയത്തിന്റെയും വിത്തുപാകി ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് കൊളോണിയൽ തന്ത്രത്തിന്റെ പുതിയ പതിപ്പ് അത്യന്തം വിഷമയമായ വിധത്തിൽ പരീക്ഷിക്കപ്പെടുന്ന കാലമാണ്.

അവിടെനിന്ന് ഭാരതത്തെ രക്ഷിച്ചെടുക്കുകയെന്ന മുദ്രാവാക്യവുമായി നടക്കുന്നത് രാഹുൽഗാന്ധിയാണ്. അത് വിജയിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ നടത്തത്തിന് ഒരു പ്രത്യേകതയുണ്ട്. അദ്ദേഹം പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ മകളുടെ മകന്റെ മകനാണ്. ഒരുകാലത്ത് പാർലമെന്റിൽ നെഹ്റു പോലും ഭയപ്പെട്ടിരുന്ന ഫിറോസ് ഗാന്ധിയെന്ന കോൺഗ്രസ് സോഷ്യലിസ്റ്റുകാരന്റെ മകന്റെ മകനുമാണ്. ഫിറോസിന്റെ ഛായ രാഹുലിനുണ്ടെന്നാണ് എല്ലാവരും പറയുന്നത്. ഫിറോസിന്റെ നേതൃഗണങ്ങളും കൂടി കിട്ടിയാൽ രാഹുലിൽ പ്രതീക്ഷയ്ക്ക് വകയുമുള്ളതാണ്. എന്നിരുന്നാലും അദ്ദേഹം ഈ ഐക്യയാത്ര നടത്തുന്നതിനിടയിൽ വന്നുചേർന്നിട്ടുള്ള കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനെപ്പറ്റി ചിന്തിച്ചുനോക്കൂ. മല്ലികാർജുന ഖാർഗെ ഔദ്യോഗിക സ്ഥാനാർത്ഥിയാണെന്ന കൊണ്ടുപിടിച്ച പ്രചാരണങ്ങൾ വലിയ വിഭാഗം കോൺഗ്രസ് നേതാക്കൾ നടത്തുമ്പോൾ രാഹുൽ അർത്ഥഗർഭമായ മൗനം പാലിക്കുന്നത് തീരെ ആശാവഹമല്ല. ശശി തരൂർ ജനാധിപത്യ മത്സരത്തിന് തയാറായി നിൽക്കുമ്പോൾ പരസ്യപ്രതികരണത്തിലൂടെ മത്സരത്തെ പ്രോത്സാഹിപ്പിക്കാൻ രാഹുൽ തയാറായിട്ടില്ല.

ഖാർഗെയുടെ തിരഞ്ഞെടുപ്പ് ഗോദയിലേക്കുള്ള കടന്നുവരവിന്റെ നാൾവഴികൾ പരിശോധിച്ചാലും അദ്ദേഹം സ്പോൺസേർഡ് സ്ഥാനാർത്ഥിയാണെന്നതിന്റെ കൃത്യമായ സൂചനകൾ ലഭ്യമാകുമെന്നതാണ് ശ്രദ്ധേയം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയാണ് ആദ്യം സ്ഥാനാർത്ഥിയായി പരിഗണിച്ചത്. രാജസ്ഥാൻ മുഖ്യമന്ത്രി പദം വിട്ടൊഴിഞ്ഞാലും അതിലേക്ക് തന്റെ ബദ്ധവൈരിയായ സച്ചിൻ പൈലറ്റ് വരരുതെന്ന് കഠിനമായി ആഗ്രഹിച്ച ഗെലോട്ടിന്റെ തന്ത്രങ്ങൾക്ക് മുന്നിൽ ഹൈക്കമാൻഡിന് തന്നെ മുട്ടുമടക്കേണ്ടി വന്നു. ഗെലോട്ടിനോട് നീരസം പ്രകടമാക്കി സോണിയഗാന്ധി മടക്കിയയച്ചു. അപ്പോൾ ഗെലോട്ട് സ്പോൺസേർഡ് സ്ഥാനാർത്ഥിയായി രംഗപ്രവേശം ചെയ്യേണ്ടയാളായിരുന്നുവെന്ന് വ്യക്തം. അതില്ലാതായപ്പോൾ എ.കെ. ആന്റണിയെപ്പോലുള്ള മുതിർന്ന നേതാക്കളുടെ ഉപദേശനിർദ്ദേശങ്ങളാൽ അവതരിപ്പിക്കപ്പെട്ടയാളാണ് മല്ലികാർജുന ഖാർഗെ. അദ്ദേഹം ഒരു ദളിത് വിഭാഗക്കാരനാണെന്നത് ശരിയാണ്. ദളിത് മുഖം വരുന്നത് നല്ലത് തന്നെ. എന്നാൽ പഞ്ചാബിലെ അനുഭവം കോൺഗ്രസിനുണ്ട്. അവിടെ ക്യാപ്റ്റൻ അമരിന്ദർ സിംഗിനെ മാറ്റി ചരൺജിത് സിംഗ് ഛന്നി എന്ന ദളിത് നേതാവിനെ പ്രതിഷ്ഠിച്ചിട്ട് എന്തായെന്ന ചോദ്യമുണ്ട്. ഖാർഗെയിലൂടെ ദളിത് വിഭാഗത്തിന്റെ പിന്തുണയാകെ പിടിച്ചുപറ്റാമെന്നൊന്നും ചിന്തിക്കാൻ ഒരു കോൺഗ്രസുകാരനും സാധിക്കില്ല.

മറ്റൊന്ന് അദ്ദേഹത്തിന്റെ പ്രായമാണ്. എൺപതിലെത്തിയിരിക്കുന്നു ഖാർഗെ. രാജ്യത്ത് വർദ്ധിതവീര്യത്തോടെ എല്ലാ അധികാരങ്ങളും കൈയാളി പരിലസിക്കുന്ന ബി.ജെ.പി, അവരുടെ നേതൃനിരയിൽ 75 കഴിഞ്ഞവരെയെല്ലാം മാറ്റി പുതിയ ആളുകളെ കൊണ്ടുവന്ന് ചലനാത്മകമായി നിലനിറുത്തുമ്പോഴാണ് കോൺഗ്രസ് ഇപ്പോഴും പഴയ മട്ടിൽ ചിന്തിക്കുന്നത് എന്നാരെങ്കിലും കരുതിയാൽ എങ്ങനെ കുറ്റം പറയാനാവും?

ആര് പ്രസിഡന്റായാലും അധികാരത്തിന്റെ കടിഞ്ഞാൺ നെഹ്റു കുടുംബത്തിന്റെ കൈകളിൽ തുടരുന്നതിൽ തെറ്റൊന്നും കാണുന്നില്ല. കോൺഗ്രസ് പോലൊരു ആൾക്കൂട്ട പാർട്ടിയിൽ അങ്ങനെ ഉണ്ടാവുന്നത് നല്ലത് തന്നെയാണ്. ബി.ജെ.പിയിൽ പോലും ഒരുകാലത്ത് വാജ്പേയ്- അദ്വാനി ദ്വയവും ഇപ്പോൾ മോദി- അമിത്ഷാ ദ്വയവും കാര്യങ്ങൾ നിയന്ത്രിക്കുന്നുണ്ടല്ലോ.

എന്നിരുന്നാലും ജനാധിപത്യപരമായ ഒരു മത്സരത്തിന് പരസ്യപിന്തുണ നൽകാനെങ്കിലും നെഹ്റു കുടുംബവും സോണിയയും രാഹുലും തയാറാവേണ്ടിയിരുന്നു. കോൺഗ്രസിൽ അതൊരു ആരോഗ്യകരമായ ഇടപെടലായിത്തീരുമായിരുന്നു. ഊർദ്ധശ്വാസം വലിക്കുന്ന അവസ്ഥയിൽ നിന്ന് പ്രതീക്ഷയുടെ തിരിനാളം പ്രകടമാകാൻ അത് വഴിയൊരുക്കിയേനെ. അതുണ്ടാകാത്തത് അങ്ങേയറ്റം നിർഭാഗ്യകരമാണ്.

ശശി തരൂരും

കോൺഗ്രസും

1897ൽ ചേറ്റൂർ ശങ്കരൻ നായർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷനായ ശേഷം ഒരു മലയാളി കോൺഗ്രസ് അദ്ധ്യക്ഷപദവിയിലേക്ക് മത്സരിക്കുന്നു എന്നത് തീർച്ചയായും കേരളത്തിനും മലയാളികൾക്കും അഭിമാനിക്കാൻ വക നൽകുന്നതാണ്. എന്നാൽ തനിക്ക് ശേഷം പ്രളയം എന്ന് ചിന്തിക്കുന്ന വന്ദ്യവയോധികരും അല്ലാത്തവരുമടക്കമുള്ള കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലെ പലരുടെയും ഇടുങ്ങിയ ചിന്താഗതി തരൂരിനേക്കാൾ ഖാർഗെയ്ക്ക് പ്രചരണമേൽക്കൈ നേടിക്കൊടുക്കാൻ വഴിയൊരുക്കുന്നുവെന്നാണ് തോന്നുന്നത്.

ഇന്ത്യയെപ്പോലെ തന്നെ വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞ ഏകത്വം സ്വന്തമായിട്ടുള്ള കോൺഗ്രസ് പാർട്ടിയെ നയിക്കാനുള്ള പ്രാഗല്ഭ്യം ശശി തരൂരിനുണ്ടോയെന്ന ചോദ്യം ആരും തള്ളിക്കളയുന്നില്ല. അശോക് ഗെലോട്ട് ആയിരുന്നു തരൂരിന്റെ എതിരാളി എങ്കിൽ തീർച്ചയായും ഗെലോട്ട് തന്നെ വിജയിക്കണമായിരുന്നു എന്നാണ് കോൺഗ്രസുകാരെല്ലാം ചിന്തിക്കുക. ഗെലോട്ടിന് ഹിന്ദി ബെൽറ്റിൽ പാർട്ടിയെ ചലിപ്പിക്കാൻ ശേഷിയുണ്ട്. കോൺഗ്രസിൽ പിന്നാക്കമുഖമാണ് . ജനങ്ങൾക്കിടയിൽ നിന്ന് വന്നയാളെന്ന നിലയിൽ അവരുടെ വികാരം ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. നെഹ്റു കുടുംബത്തിന്റെ തിട്ടൂരങ്ങളിൽ നിന്ന് വ്യതിചലിക്കില്ല.

ദളിത് മുഖമെന്നതും നെഹ്റു കുടുംബത്തോടുള്ള വിധേയത്വവും കർണാടകയിൽ ചില മേഖലകളിലെ സ്വാധീനവുമെല്ലാം ഖാർഗെയ്ക്കും ഉണ്ട്. പക്ഷേ പ്രായം വില്ലനാകുന്നു. എൺപതാം വയസ്സിൽ ബി.ജെ.പിക്കെതിരായ യുദ്ധം നയിക്കാൻ എത്രത്തോളം ഖാർഗെയ്ക്ക് സാധിക്കുമെന്ന ചോദ്യം മുഴങ്ങിയിട്ടും അദ്ദേഹം തന്നെ സ്ഥാനാർത്ഥിയായി വരാൻ വഴിയൊരുക്കിയത് നെഹ്റുകുടുംബത്തിന്റെ ആശീർവാദമാണെന്നത് അരിയാഹാരം കഴിക്കുന്ന ആർക്കും ബോദ്ധമാകും. ആന്റണിയെപ്പോലുള്ള ഉപദേശകവൃന്ദങ്ങൾ നെഹ്റുകുടുംബത്തിന്റെ മനസ്സറിഞ്ഞ് പ്രവർത്തിച്ചിട്ടുണ്ട്. തരൂർ ഈ കേരളത്തിൽ നിന്ന് അങ്ങനെ ഉയർന്ന് പൊങ്ങേണ്ട എന്നും ചിന്തിച്ചിട്ടുണ്ടാവുമോ? ആന്റണി മാത്രമല്ല, നെഹ്റു കുടുംബത്തിന്റെ ഇപ്പോഴത്തെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ എ.ഐ.സി.സി സംഘടനാ ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലും മലയാളിയാണല്ലോ.

രാജ്യത്ത് അനുദിനം വിശാലമായിക്കൊണ്ടിരിക്കുന്ന മദ്ധ്യവർഗ സമൂഹത്തെ സ്വാധീനിക്കാൻ ശേഷിയുള്ള നേതാവാണ് ശശി തരൂർ എന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നുണ്ട്. ഈയൊരു ഘട്ടത്തിൽ മല്ലികാർജുൻ ഖാർഗെയേക്കാളും കോൺഗ്രസിന് അനുയോജ്യനായ അദ്ധ്യക്ഷൻ ശശി തരൂർ തന്നെയെന്ന് തീർച്ചയായും പറയേണ്ടിയിരിക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ വിജയം എത്രത്തോളം സാദ്ധ്യമാകുമെന്നതാണ് ചോദ്യം. കോൺഗ്രസിന്റെ ഇപ്പോഴുള്ള അധികാരകേന്ദ്രങ്ങൾക്ക് പ്രാപ്യനായ അദ്ധ്യക്ഷൻ ഖാർഗെ ആയത് കൊണ്ടുതന്നെ ശശി തരൂരിന് സാദ്ധ്യത നന്നേ വിരളമാണ്. എങ്കിലും അദ്ദേഹത്തിന് നാഗ്പൂരിൽ കഴിഞ്ഞ ദിവസം കിട്ടിയ സ്വീകരണം ചില നേരിയ പ്രതീക്ഷ നൽകാതിരിക്കുന്നുമില്ല. വിജയത്തിന് ആ പ്രതീക്ഷ മാത്രം പോരാ എന്നുകൂടി പറയേണ്ടിയിരിക്കുന്നു.

തരൂർ തോറ്റാലോ?

ഇനി കോൺഗ്രസുകാരെല്ലാം ആകാംക്ഷയോടെയും കൗതുകത്തോടെയും ഉറ്റുനോക്കുന്ന ഒരു ചോദ്യമുണ്ട്. ശശി തരൂർ ഈ തിരഞ്ഞെടുപ്പിൽ തോറ്റാൽ എന്താകും അദ്ദേഹത്തിന്റെ ഭാവി? അദ്ദേഹത്തിന് വിമതപരിവേഷമുറപ്പാണ്. അപ്പോൾ 2024ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം തിരുവനന്തപുരത്ത് കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാവുമോ? ഐക്യരാഷ്ട്രസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടപ്പോൾ ഇന്ത്യയിലേക്ക് മടങ്ങി കോൺഗ്രസ് രാഷ്ട്രീയം കളിച്ച് തുടങ്ങിയ ആളാണ് തരൂർ.

അദ്ദേഹം കോൺഗ്രസ് വിട്ട് മറ്റൊരു ലാവണം തേടുമോ? അദ്ദേഹത്തിന്റെ ഇതുവരെയുള്ള രാഷ്ട്രീയനിലപാടുകൾ ബി.ജെ.പി രാഷ്ട്രീയത്തോട് ചേർന്ന് പോകാത്തത് കൊണ്ടുതന്നെ ഇടതുസ്വതന്ത്ര പരിവേഷത്തിൽ തരൂരിനെ പ്രതീക്ഷിക്കുന്നവർ കേരളത്തിൽ, പ്രത്യേകിച്ച് തിരുവനന്തപുരത്ത്, ഇല്ലാതില്ല!

Advertisement
Advertisement