പാർക്കിന് നേരെ ആക്രമണമെന്ന് ഇന്ത്യ, നിഷേധിച്ച് കാനഡ

Tuesday 04 October 2022 5:21 AM IST

ടൊറന്റോ: കാനഡയിലെ ഒന്റേറിയോ പ്രവിശ്യയിലെ ബ്രാംപ്ടൺ നഗരത്തിൽ 'ശ്രീ ഭഗവദ്ഗീത" എന്ന് പേരിട്ട് അടുത്തിടെ ഉദ്ഘാടനം ചെയ്ത പാർക്കിലെ ബോർഡ് നശിപ്പിച്ചെന്ന ആരോപണങ്ങൾ തള്ളി കാനേഡിയൻ അധികൃതർ. ബോർഡ് നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും അ​റ്റകു​റ്റപ്പണിയുടെ ഭാഗമായി സ്ഥാപിച്ച താത്കാലിക ബോർഡാണ് വിവാദങ്ങൾ സൃഷ്ടിച്ചതെന്നും പ്രാദേശിക ഭരണകൂടം അറിയിച്ചു.

പാർക്കിന്റെ പേര് മാഞ്ഞ നിലയിലുള്ള ബോർഡാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. വിശദീകരണം നൽകിയതിന് പിന്നാലെ സംഭവം ശ്രദ്ധയിൽപ്പെടുത്തിയതിന് പ്രദേശത്തെ ഇന്ത്യൻ സമൂഹത്തിന് ബ്രാംപ്ടൺ മേയർ നന്ദിയറിയിച്ചു. സംഭവത്തെ വിദ്വേഷ ആക്രമണം എന്നാരോപിച്ച് ഇന്ത്യൻ ഹൈകമ്മിഷൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

മുമ്പ് ട്രോയേഴ്സ് പാർക്ക് എന്നായിരുന്നു ഭഗവദ്ഗീത പാർക്ക് അറിയപ്പെട്ടിരുന്നത്. അടുത്തിടെയായി കാനഡയിൽ ഇന്ത്യക്കാർക്കെതിരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പൗരന്മാർക്ക് ഇന്ത്യ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.