തലവേദനയായി പാമ്പുകൾ

Tuesday 04 October 2022 5:21 AM IST

ബാങ്കോക്ക് : നമ്മുടെ നാട്ടിൽ അടുത്തിടെയായി തെരുവുനായകളുടെ ശല്യം അതിരൂക്ഷമാണ്. റോഡിലെവിടെയും തെരുവുനായകളെ കാണാം. ചില്ലറയൊന്നുമല്ല ഇവ സൃഷ്ടിക്കുന്ന തലവേദന. അതേ സമയം തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കും ആശങ്കയിലാണ്. തെരുവുനായകളല്ല, പകരം പാമ്പുകളാണ് ബാങ്കോക്കിൽ ഭീതിപരത്തുന്നത്.

ബാങ്കോക്കിൽ ശരാശരി ഓരോ 15 മിനിറ്റിലും പാമ്പുകളുമായി ബന്ധപ്പെട്ട സഹായാഭ്യാർത്ഥനയുമായി എമർജൻസി വിഭാഗത്തിലേക്ക് ഫോൺ കോളുകൾ വരുന്നുണ്ടത്രെ. ബാങ്കോക്കിൽ പ്രതിവർഷം 60,000 പാമ്പുകളെയെങ്കിലും അധികൃതർ നീക്കം ചെയ്യുന്നുണ്ട്.

അടുത്തിടെ ബാങ്കോക്കിലെ ഡിൻ ഡേങ്ങ് ജില്ലയിൽ, റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരച്ചില്ലയിൽ ഒരു കൂറ്റൻ ബോവ കൺസ്ട്രിക്‌റ്റർ ( വിഷമില്ലാത്ത ഒരുതരം പെരുമ്പാമ്പ് ) തൂങ്ങിക്കിടക്കുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

പാമ്പുകൾ, കടന്നൽ, വാട്ടർ മോണിറ്റർ തുടങ്ങിയവയെ നേരിടാൻ ദിവസവും 200 ഓളം സഹായാഭ്യർത്ഥനാ കോളുകളാണ് ബാങ്കോക്കിലെ എമർജൻസി ഹെൽപ്‌ലൈനിൽ ലഭിക്കുന്നത്. ഇതിൽ കൂടുതലും പാമ്പുകളുടെ പേരിലാണ്. ഇത്തരത്തിൽ പിടികൂടുന്ന പാമ്പുകളെ നാഷണൽ പാർക്കുകളിലേക്കും മറ്റും എത്തിക്കുന്നതായി അധികൃതർ പറയുന്നു.

അതേ സമയം, പാമ്പുകളുടെ എണ്ണം സംബന്ധിച്ച് ബാങ്കോക്കിൽ ഔദ്യോഗിക കണക്കെടുപ്പുകൾ നടന്നിട്ടില്ല. അതിൽ പാമ്പുകളുടെ കൃത്യമായ എണ്ണവും വ്യക്തമല്ല. ബാങ്കോക്കിൽ കണ്ടുവരുന്നവയിൽ 90 ശതമാനവും ബോവ കൺസ്ട്രിക്‌റ്ററുകളാണ്. ബാക്കി കൂടുതലും പെരുമ്പാമ്പുകളുമാണ്.