നദികളും ജലാശയങ്ങളും സംരക്ഷിക്കാൻ നഗരസഭയിൽ പ്രത്യേക വിഭാഗം

Tuesday 04 October 2022 5:39 AM IST

 കരട് മാസ്റ്റർ പ്ളാനിൽ നിർദ്ദേശം

തിരുവനന്തപുരം: നഗരപരിധിയിലെ നദികളുടെയും ജലാശയങ്ങളുടെയും സംരക്ഷണത്തിനായി നഗരസഭയിൽ പ്രത്യേക എൻജിനിയറിംഗ് വിഭാഗത്തിന് രൂപം നൽകണമെന്ന് കരട് മാസ്റ്റർപ്ളാനിൽ നിർദ്ദേശം. മാസ്റ്റർപ്ളാനിലെ ദുരന്ത നിവാരണ പദ്ധതിയിലാണ് നിർദ്ദേശം ഉൾപ്പെടുത്തിയിരിക്കുന്നത്.

ജലാശയങ്ങൾ ദിനംപ്രതി മലിനമാകുന്ന സാഹചര്യത്തിലാണിത്. ഈ രീതി തുടർന്നാൽ ജലാശയങ്ങൾ ഭാവിയിൽ പൂർണമായി മലിനമാകുമെന്ന വിലയിരുത്തലിലാണ് പുതിയ നടപടി. നഗരസഭയിൽ രൂപീകരിക്കുന്ന പ്രത്യേകവിഭാഗം ജലാശയ സംരക്ഷണത്തിന് മാത്രമുള്ളതാകണമെന്നാണ് തീരുമാനം. ഓരോ പ്രദേശത്തെയും ജലാശയങ്ങൾ സോണുകൾ തിരിച്ച് വിഭാഗം മേൽനോട്ടം നടത്തണമെന്നും ജലാശയങ്ങളുടെയും നദികളുടെയും സംരക്ഷണത്തിനായി പുതിയ പദ്ധതികൾ കണ്ടെത്തണമെന്നും നിർദ്ദേശമുണ്ട്. മലിനമാകാതെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും ഈ വിഭാഗത്തിനുണ്ട്.

ജലാശയ സംരക്ഷണത്തിന്റെ

പ്രധാന നിർദ്ദേശങ്ങൾ

എല്ലാ കുളങ്ങളും പുനരുജ്ജീവിപ്പിക്കുകയും ഉപയോഗപ്പെടുത്തുകയും വേണം

 നഗരത്തിലെ എല്ലാ ജലാശയങ്ങളുടെയും നദികളുടെയും ഡേറ്റാ ബേസ്

ശേഖരിച്ച് സൂക്ഷിക്കണം. അത് സമയക്രമത്തിൽ അപ്ഡേറ്റ് ചെയ്‌ത്

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം.

 ജലാശയങ്ങളുടെ ശേഷി വർദ്ധിപ്പിക്കണം.

 തടസമില്ലാതെ ഒഴുകാൻ സാധിക്കണം.

 ജലാശയങ്ങളുടെ കരയിൽ ജി.ഐ ഫെൻസിംഗ് മതിലുകൾ സ്ഥാപിക്കണം

 മാലിന്യം തള്ളുന്നത് ഒഴിവാക്കാൻ സി.സി ടിവി ദൃശ്യങ്ങൾ സ്ഥാപിക്കണം

നഗരത്തിലൂടെ ഒഴുകുന്ന

നദിയും ജലാശയവും

നഗരത്തിൽ കരമനയാറിന് മാത്രമാണ് നദിയെന്ന വിശേഷണത്തിനർഹതയുള്ളത്. അഗസ്‌ത്യമലയിൽ നിന്നുത്ഭവിച്ച്, കാവി, അട്ട, വയ്യാപ്പാടി എന്നീ തോടരുവികൾ ചേർന്ന് പടിഞ്ഞാറോട്ടൊഴുകി നഗരത്തിൽ പ്രവേശിക്കുന്നതാണ് കരമനയാർ. കരമനയാറിന്റെ ഭാഗമായ അരുവിക്കരയിൽ നിന്നാണ് നഗരത്തിനുവേണ്ട ശുദ്ധജലം ലഭിക്കുന്നത്.

പേരുകൊണ്ട് നദിയെന്ന് ധ്വനിപ്പിക്കുന്നുണ്ടെങ്കിലും സാമാന്യം വലിയ ഒരു തോടുമാത്രമാണ് കിള്ളിയാർ. ആക്കുളം കായൽ, വേളി കായൽ വെള്ളായണി കായൽ എന്നിവ നഗരാതിർത്തിയിലാണ്. ഇതിൽ ആക്കുളം, വേളി കായലുകൾ കടലുമായി ബന്ധപ്പെട്ടുകിടക്കുന്നു. വെള്ളായണിക്കായൽ ശുദ്ധജലതടാകമാണ്. കരമനയാറിന്റെ പോഷകനദിയായ കിള്ളിയാറ്, ആമയിഴഞ്ചാൻതോട്, ഉള്ളൂർ തോട്, പാർവതീപുത്തനാറ്,​കരിയിൽ തോട് തുടങ്ങി നഗരത്തിൽ അനേകം നീരൊഴുക്കുകളുണ്ടെങ്കിലും അവയുടെ ഉപഭോഗം നഗരത്തിൽ നാമമാത്രമാണ്. 60ൽ പരം കുളങ്ങളും നിരവധി ചെറുതോടുകളും അരുവികളുമുണ്ട്.

Advertisement
Advertisement