എൻ ഐ എ പിടികൂടിയ പോപ്പുലർ ഫ്രണ്ട് നേതാവിനെ കെ എസ് ഇ ബിയിൽ നിന്നും പിരിച്ചുവിട്ടു
Tuesday 04 October 2022 10:54 AM IST
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓൾ ഇന്ത്യ ചെയർമാൻ ഓവുങ്കൽ മുഹമ്മദ് അബ്ദുൽ സലാം എന്ന ഒ.എം.എ സലാമിനെ കെ.എസ്.ഇ.ബി സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടു. മഞ്ചേരിയിലെ റീജണൽ ഓഡിറ്റ് ഓഫീസിൽ സീനിയർ ഓഡിറ്റ് ഓഫീസറായിരുന്നു. പി.എഫ്.ഐ നിരോധിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി. നിലവിൽ എൻ.ഐ.എ കസ്റ്റഡിയിലാണ് സലാം.
പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതും സർവ്വീസ് ചട്ടം ലംഘിച്ചതും ഉൾപ്പടെയുള്ള കാരണങ്ങളാൽ 2020 ഡിസംബർ 14 മുതൽ സലാം സസ്‌പെൻഷനിലായിരുന്നു. ഇയാൾക്കെതിരെ വിജിലൻസ് അന്വേഷണവും നടത്തിരുന്നു. സർവ്വീസിൽ നിന്ന് പിരിച്ചുവിടാനുള്ള നടപടികളുടെ ഭാഗമായി ഈ വർഷം ആഗസ്റ്റിൽ ഷോകോസ് നോട്ടീസ് നൽകി. ഇതിനെതിരെ സലാം ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും വിധി അനുകൂലമായില്ല. സെപ്തംബർ 30നാണ് പിരിച്ചുവിടൽ ഉത്തരവുണ്ടായത്.