ഉത്തരാഖണ്ഡിൽ കനത്ത ഹിമപാതം, കൊടുമുടിയിൽ കുടുങ്ങിയ പത്ത് പേർ മരിച്ചു, പതിനൊന്ന് പേർക്കായി തിരച്ചിൽ

Tuesday 04 October 2022 4:43 PM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ദ്രൗപതി ദണ്ഡ കൊടുമുടിയിലുണ്ടായ കനത്ത ഹിമപാതത്തിൽ പത്ത് പേർ‌ മരിച്ചു. ഉത്തർകാശിയിലെ നെഹ്‌റു മൗണ്ടനേറിംഗ് (എൻ ഐ എം) ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് മരിച്ചത്. ഹിമപാതത്തെത്തുടർന്ന് കൊടുമുടിയിൽ 29 പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പത്ത് പേർ മരിച്ചതായി ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പൽ സ്ഥിരീകരിച്ചിരിക്കുന്നത്. മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളാണെന്നാണ് വിവരം. എട്ട് പേരെ സംഘാംഗങ്ങൾ തന്നെ രക്ഷപ്പെടുത്തിയിരുന്നു. ബാക്കിയുള്ളവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.

ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, ഐ ടി ബി പി, സൈന്യം എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവ‌ർത്തനം പുരോഗമിക്കുന്നത്. മാത്രമല്ല കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നിർദേശപ്രകാരം വ്യോമസേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിന് മുന്നിലുണ്ട്. മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവർ അനുശോചനം അറിയിച്ചു.