നാട്ടുകാർക്ക് പൊതുചടങ്ങിൽ ചിക്കനും കുപ്പിയും വിതരണം ചെയ്‌തു; ടി ആർ എസ് നേതാവിന്റെ വീഡിയോ വിവാദത്തിൽ

Tuesday 04 October 2022 6:44 PM IST

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയും ടിആർ‌എസ് അദ്ധ്യക്ഷനുമായ ചന്ദ്രശേഖർ റാവു ദേശീയ പാർട്ടി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പാർട്ടിയിലെ ഒരു പ്രാദേശിക നേതാവ് നടത്തിയ പൊതുചടങ്ങ് വിവാദത്തിൽ. പൊതുനിരത്തിൽ മദ്യകുപ്പിയും ഇറച്ചിക്കോഴിയെയും വിതരണം ചെയ്‌ത വാറങ്കലിലെ പാർട്ടി പ്രാദേശിക നേതാവ് രാജനല ശ്രീഹരിയാണ് വിവാദത്തിൽ പെട്ടത്. ചന്ദ്രശേഖർ റാവുവിന്റെയും മകനും പാർട്ടി നേതാവുമായ കെ.ടി രാമറാവുവിന്റെയും കട്ടൗട്ട് സ്ഥാപിച്ചിരുന്നു. ഇതിന് മുന്നിലായിരുന്നു കുപ്പിയും ചിക്കനും വിതരണം നടന്നത്.

ശ്രീഹരിയുടെ സൗജന്യ വിതരണത്തിൽ വൻ ജനപങ്കാളിത്തവുമുണ്ടായിരുന്നു. 200 കുപ്പി മദ്യമാണ് വിതരണം ചെയ്‌തത്. 200 ഇറച്ചിക്കോഴികളെയും വിതരണം ചെയ്‌തു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ശ്രീഹരിയ്‌ക്കും പാർട്ടിയ്‌ക്കും നേരെ വലിയ വിമർശനമാണ് ഉണ്ടായത്.

ദസറ ആഘോഷദിനമായ ബുധനാഴ്‌ച ചന്ദ്രശേഖർ റാവു തെലങ്കാന ഭവനിൽ വച്ച് തന്റെ ദേശീയ പാർട്ടിയുടെ വിവരങ്ങൾ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അതേസമയം സമൂഹത്തിന് ദോഷകരമായ മദ്യമടക്കം പൊതുപരിപാടിയിൽ വിതരണം ചെയ്‌ത നടപടിയിൽ അദ്ദേഹത്തിന്റെ പാ‌ർട്ടിക്കെതിരെ ബിജെപി ശക്തമായ വിമർശനമാണ് ഉന്നയിച്ചത്.