ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തിൽ ബെൽറ്റ് മുറുക്കി കടലിൽ മുക്കിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

Wednesday 05 October 2022 10:06 AM IST

കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ ചേർന്ന് കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തി. കൊയിലാണ്ടി ഹാർബറിന് സമീപം മായൻ കടപ്പുറത്ത് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്.

ആസാം സ്വദേശിയും കൊയിലാണ്ടി ഹാർബർ തൊഴിലാളിയുമായ ഡുലു രാജബൊംശിയാണ് കൊല്ലപ്പെട്ടത്. ഹാർബറിലെ തന്നെ തൊഴിലാളികളും ആസാം സ്വദേശികളുമായ മനോരജ്ഞൻ, ലക്ഷ്മി എന്നിവരെ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിന് ശേഷമുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

കൊയിലാണ്ടി ഹാർബറിന് സമീപത്തെ പാറക്കെട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു മൂവരും. പിന്നാലെ വാക്കുതർക്കം ഉണ്ടാവുകയും മനോരജ്ഞനും ലക്ഷ്മിയും ചേർന്ന് ഡുലുവിനെ കഴുത്തിൽ ബെൽറ്റ് മുറുക്കിയ ശേഷം കടലിൽ മുക്കികൊല്ലുകയുമായിരുന്നു.

ഡുലുവിന്റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. പ്രതികളെ ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. കൊലപാതകത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.