പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച കേസ്; പൊലീസുകാരനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു

Wednesday 05 October 2022 12:34 PM IST

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസുകാരനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇടുക്കി എആ‌ർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ ശിഹാബിനെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് മാമ്പഴം മോഷ്ടിച്ചത് ശിഹാബാണെന്ന് വ്യക്തമായത്.

ഡ്യൂട്ടി കഴിഞ്ഞ് പുലർച്ചെ മടങ്ങുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി- മുണ്ടക്കയം റോഡിലുള്ള കടയുടെ മുന്നിൽ സൂക്ഷിച്ചിരുന്ന മാമ്പഴം ശിഹാബ് മോഷ്ടിച്ചത്. സ്കൂട്ടർ കടയുടെ സമീപം നിർത്തിയ ശേഷം പെട്ടികളിലുണ്ടായിരുന്ന മാമ്പഴം ഇയാൾ മോഷ്ടിക്കുകയായിരുന്നു. ഏകദേശം പത്തുകിലോയോളം മാമ്പഴം ശിഹാബ് തന്റെ സ്കൂട്ടറിന്റെ സീറ്റിനടിയിലേയ്ക്ക് മാറ്റുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

സ്കൂട്ടറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശിഹാബാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്. അതേസമയം, സംഭവത്തിന് പിന്നാലെ ശിഹാബ് ഒളിവിൽ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Advertisement
Advertisement