കേരള മോഡൽ കിറ്റ് ഏറ്റെടുത്ത്  മഹാരാഷ്ട്ര, ദീപാവലിക്ക്  നൽകുന്നത് ഏഴ് കോടി ആളുകൾക്ക്, കിറ്റിലുള്ളത്  ഈ സാധനങ്ങൾ

Wednesday 05 October 2022 2:56 PM IST

മുംബയ് : കേരളത്തിൽ പിണറായി സർക്കാരിന് തുടർഭരണം ഉറപ്പാക്കാൻ ഏറെ സഹായിച്ചത് കൊവിഡ് കാലത്ത് തുടർച്ചയായി വിതരണം ചെയ്ത പലവ്യഞ്ജന കിറ്റുകളാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ഈ കിറ്റ് രാഷ്ട്രീയത്തെ ഏറ്റെടുക്കാനൊരുങ്ങുകയാണ് മഹാരാഷ്ട്രയിലെ ബി ജെ പി പിന്തുണയുള്ള ഷിൻഡെ സർക്കാർ. വരുന്ന ദീപാവലിക്ക് സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്കെല്ലാവർക്കും പലചരക്ക് സാധനങ്ങളടങ്ങിയ കിറ്റുകൾ ലഭിക്കും. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര മന്ത്രിസഭ ഈ തീരുമാനമെടുത്തത്.

സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് 100 രൂപയുടെ കിറ്റ് നൽകാനാണ് സർക്കാർ തീരുമാനം. 1.70 കോടി കുടുംബങ്ങൾക്ക് അഥവാ സംസ്ഥാനത്തുള്ള ഏഴ് കോടി ആളുകൾക്കാണ് കിറ്റിന്റെ പ്രയോജനം ലഭിക്കുക. നാല് സാധനങ്ങളാണ് കിറ്റിലുള്ളത്. ഒരു കിലോ റവ, കടല, ഭക്ഷ്യ എണ്ണ, പയർ എന്നിവയാണവ. ഉത്സവകാലത്ത് കിറ്റുകൾ നൽകാമെന്ന ആശയം ഭക്ഷ്യ സിവിൽ സപ്ലൈ, ഉപഭോക്തൃ സംരക്ഷണ വകുപ്പാണ് സർക്കാരിന് മുന്നിൽ വച്ചത്.

രാജ്യത്ത് പണപ്പെരുപ്പം ഉയർന്ന് നിൽക്കുന്ന സമയത്ത് ഇത്തരമൊരു തീരുമാനം സംസ്ഥാനത്തെ സാധാരണക്കാർക്ക് ഏറെ ആശ്വാസകരമാവും. മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ ഉൾപ്പെടെ സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ വരും മാസം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിനാൽ കിറ്റ് രാഷ്ട്രീയം മഹാരാഷ്ട്രയിലും ഫലിക്കുമോ എന്ന് കണ്ടറിയാം.