ബയോഫ്ലോക്ക് മത്സ്യക്കൃഷി കർഷകർക്ക് നഷ്ടം മാത്രം.

Thursday 06 October 2022 12:33 AM IST

കോട്ടയം . കൊവിഡ് കാലത്ത് ബയോ ഫ്ളോക്ക് ടാങ്കുകളിൽ മത്സ്യക്കൃഷി തുടങ്ങിയ കർഷകർ ദുരിതത്തിൽ. കേന്ദ്ര സർക്കാരിന്റ പ്രധാനമന്ത്രി മത്സ്യ സംമ്പദ് യോജന പദ്ധതി പ്രകാരമാണ് ഈ മത്സ്യക്കൃഷി പ്രചാരത്തിലെത്തിയത്. 20000 ലിറ്ററിന്റെ ടാങ്ക് നിർമ്മിക്കാൻ 750000 രൂപയാണ് ചെലവ്. ഇതിൽ 280000 രൂപ സബ്‌സിഡി ലഭിക്കും. ഈ ആനുകൂല്യത്തിന്റെ മോഹവലയത്തിൽപ്പെട്ട് നിരവധി കർഷകരാണ് ഇതിലേക്ക് തിരിഞ്ഞത്. സംസ്ഥാനത്ത് ഫിഷറീസ് വകുപ്പിന്റെ കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. സർക്കാരിന്റെ വിത്തുല്പാദന കേന്ദ്രമായ വല്ലാർപാടം ആർ ജി സി എയിൽ നിന്നാണ് കുഞ്ഞുങ്ങളെ നൽകുന്നത്. ഒരു യൂണിറ്റിന് 8700 കുഞ്ഞുങ്ങൾ എന്ന കണക്കിൽ ഏഴ് ടാങ്കുകളിലാണ് മത്സ്യം വളർത്തൽ. ടാങ്ക് പ്രവർത്തിക്കുന്നതിന് ഒരു ദിവസം 6 യൂണിറ്റ് വൈദ്യുതി, മൂന്ന് നേരം തീറ്റ എന്നിവ വേണം. ഒരുമാസം 35000 രൂപ ഇതിലേക്ക് ചെലവാകും. ഒരു ടാങ്കിൽ 1250 മത്സ്യങ്ങൾ ലഭിക്കും. 35 ടൺ മത്സ്യങ്ങളാണ് ഇനിയും വിറ്റഴിക്കാനുള്ളത്.

കൃത്യമായ വിപണന സാദ്ധ്യത വിലയിരുത്താതെ കർഷകരെ ഈ മേഖലയിലേക്ക് തള്ളിവിട്ടതാണ് പ്രശ്‌നം രൂക്ഷമാകാൻ കാരണം. ഫിഷറീസ് വകുപ്പ് നിർദേശിക്കുന്ന മത്സ്യകുഞ്ഞുങ്ങളെ മാത്രമേ ഈ പദ്ധതിയിൽ വളർത്താൻ അനുവദിച്ചിരുന്നുള്ളു. ഇതും പ്രതികൂലമായി. വിപണിയിൽ വലിയ ഡിമാന്റ് ഇല്ലാത്ത തിലോപ്പിയ കുഞ്ഞുങ്ങളെയാണ് നൽകിയത്. പൊതുവിപണിയിൽ ഒന്നര രൂപ മാത്രം വിലയുള്ള മീൻ കുഞ്ഞുങ്ങളെ പത്തു രൂപയ്ക്കാണ് ഫിഷറീസ് വകുപ്പ് കർഷകർക്ക് നൽകിയത്. ആദ്യഘട്ടത്തിലും കൊവിഡ് കാലഘട്ടത്തിലും കൃഷി ആദായകരമായിരുന്നു. കിലോയ്ക്ക് 250 രൂപയ്ക്ക് മുകളിൽ വില ലഭിച്ചു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ കർണാടകയിൽ നിന്ന് മത്സ്യം കൂടുതലായി എത്താൻ തുടങ്ങിയതും കോഴിവേസ്റ്റ് നൽകി പാടശേഖരങ്ങളിൽ മത്സ്യം വളർത്തുന്ന രീതി വ്യാപകമായതും ബയോ ഫ്ളോക്കിൽ വളർത്തുന്ന മത്സ്യങ്ങളുടെ ഡിമാൻഡ് കുറച്ചു. കോഴി വേസ്റ്റ് നൽകി വളർത്തുന്നവയ്ക്ക് 80 രൂപ നിരക്കിൽ വിപണിയിൽ ലഭ്യമാകാൻ തുടങ്ങി. ഒരു കിലോ മത്സ്യം ഉത്പാദിപ്പിക്കുന്നതിന് ബയോ ഫ്ളോക്കിൽ 180 രൂപ വരെ ചെലവാകുന്നുണ്ടെന്നും വില കുറച്ചുകൊടുത്താൽ നഷ്ടമാകുമെന്നും കർഷകർ പറയുന്നു.

ബയോ ഫ്ളോക്ക് പരാജയ കാരണങ്ങൾ.

വിപണന സാദ്ധ്യത പഠിക്കാതെ ഫിഷറീസ് വകുപ്പ് ഈ കൃഷി പ്രചരിപ്പിച്ചു.

വളർത്താൻ നൽകിയത് ഡിമാൻഡ് കുറഞ്ഞ തിലോപ്പിയ കുഞ്ഞുങ്ങളെ.

കർണ്ണാടകയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഈ മത്സ്യം എത്താൻ തുടങ്ങി.

കോഴി വേസ്റ്റ് നൽകി വളർത്തുന്നവ കുറഞ്ഞ വിലയ്ക്ക് വിപണിയിലെത്തി.

ഗുണനിലവാരമില്ലാത്ത മത്സ്യവില്പന തകൃതി.

ഗുണനിലവാരമില്ലാത്ത മത്സ്യങ്ങളുടെ വിപണനം വ്യാപിച്ചിട്ടും അധികൃതർ നിസംഗതപുലർത്തുകയാണ്. ഉപേക്ഷിക്കപ്പെട്ട തണ്ണീർത്തടങ്ങളിലും, പാറക്കുളങ്ങളിലും വളർത്തുന്ന മത്സ്യങ്ങളുടെ വില്പനയാണ് വ്യാപമാകുന്നത്. ശുദ്ധമായ ജലത്തിന്റെ സാന്നിദ്ധ്യമോ, നല്ല ഭക്ഷണമോ ലഭിക്കാതെ വളരുന്ന മത്സ്യങ്ങൾ വിപണിയിലെത്തുന്നത് ജനങ്ങളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. തിലോപ്പിയ, രോഹു, കട്‌ല, നട്ടർ, വാള, കരിമീൻ അടക്കമുള്ള മത്സ്യങ്ങളാണ് ഇത്തരത്തിൽ വളർത്തി വിപണിയിലേക്ക് എത്തുന്നത്.

ബയോഫ്ലോക്ക് കർഷകൻ നന്ദു പറയുന്നു.

നിലവിൽ കൃഷി നിറുത്തിവച്ചിരിക്കുകയാണ്. പുതിയതായി രംഗത്തേയ്ക്ക് എത്തുന്നവർ കുറവാണ്. കർഷകരുടെ വിറ്റുപോകാത്ത മീനുകൾ സംഭരിക്കാൻ ഫിഷറീസ് വകുപ്പ് നടപടി സ്വീകരിക്കണം.

Advertisement
Advertisement