എൻ.സി.സി ക്യാമ്പിൽ കുട്ടികൾക്ക് കൂട്ടത്തോടെ അസുഖബാധ.

Thursday 06 October 2022 12:35 AM IST

പാലാ . അൽഫോൻസാ കോളേജിൽ നടക്കുന്ന എൻ സി സി ക്യാമ്പിൽ പങ്കെടുക്കുന്ന പെൺകുട്ടികൾക്ക് കൂട്ടത്തോടെ അസുഖബാധ.

ഇതേത്തുടർന്ന് 55 കുട്ടികളെ ഇന്നലെ വീടുകളിലേക്ക് മടക്കിയയച്ചു. 40 കുട്ടികൾക്ക് കൂടി ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്ന് ആരോഗ്യവിഭാഗം അധികൃതർ പറയുന്നു. ഇവരെ ചികിത്സിച്ച പാലാ ജനറൽ ആശുപത്രി അധികൃതർ വിവരം ഡി എം ഒയ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹൈസ്‌കൂൾ മുതൽ ഡിഗ്രി വരെയുള്ള 500ൽപ്പരം കുട്ടികളാണ് കഴിഞ്ഞ അഞ്ച് ദിവസമായി നടക്കുന്ന ക്യാമ്പിൽ പങ്കെടുത്തിരുന്നത്. കഴിഞ്ഞ ദിവസം കുട്ടികൾക്ക് കൂട്ടത്തോടെ ഛർദ്ദിയും പനിയും വയറുവേദനയും ശരീരവേദനയും ഉണ്ടായതിനെ തുടർന്നാണ് ചികിത്സ തേടിയത്.

30 കുട്ടികളെ ആദ്യം പാലാ ജനറൽ ആശുപത്രിയിൽലെത്തിച്ചു. ഇന്നലെ 40 പേർക്ക് കൂടി രോഗലക്ഷണങ്ങൾ കണ്ടതോടെ ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ ക്യാമ്പിലെത്തി കുട്ടികളെ പരിശോധിച്ചു. ഇന്നലെ വൈകിട്ടോടെ ചിലർക്ക് ജലദോഷവും പനിയും ആരംഭിച്ചിരുന്നു. ഇതോടെയാണ് ശാരീരിക അസ്വസ്ഥതയുള്ള കുട്ടികളെ വീടുകളിലേക്ക് മടക്കി അയക്കാൻ തീരുമാനിച്ചത്. ഭക്ഷ്യവിഷബാധയാണോ അസുഖത്തിന് പിന്നിലെന്ന് പ്രത്യേകം പരിശോധിക്കേണ്ടതുണ്ടെന്ന് ജനറൽ ആശുപത്രി അധികൃതർ പറയുന്നു. എന്നാൽ കുട്ടികൾക്ക് കൊടുക്കുന്ന അതേ ഭക്ഷണമാണ് തങ്ങളും കഴിച്ചതെന്നും ഭക്ഷ്യവിഷബാധയേൽക്കാനുള്ള സാഹചര്യങ്ങൾ ഒന്നുമില്ലെന്നും ക്യാമ്പിന് നേതൃത്വം നൽകുന്നവർ പറയുന്നു.

രഹസ്യമായി ഒതുക്കാൻ നീക്കം.

ആദ്യം ഒരുവിഭാഗം കുട്ടികൾക്ക് കൂട്ടത്തോടെ രോഗം വന്നെങ്കിലും അധികൃതർ സംഭവം രഹസ്യമാക്കി വയ്ക്കുകയായിരുന്നു. അസുഖബാധയുണ്ടായ പെൺകുട്ടി ഒരു പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചുപറഞ്ഞതിനെ തുടർന്നാണ് അദ്ദേഹം വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചത്.

പിന്നീട് ജനറൽ ആശുപത്രി അധികാരികളും, പാലാ നഗരസഭ ആരോഗ്യവിഭാഗവും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.

വേണ്ടത്ര ഡോക്ടർമാരില്ലാത്തതിനാൽ ക്യാമ്പിലെത്താനാകില്ലെന്നാണ് ജനറൽ ആശുപത്രിയിലെ ബന്ധപ്പെട്ട അധികൃതർ അറിയിച്ചതെന്ന് എൻ സി സി അധികൃതർ‌ പറഞ്ഞു.

Advertisement
Advertisement