സമാധാനത്തിനുള്ള നോബൽ പുരസ്കാരം ഇന്ത്യയിലെത്തുമോ ,​ മൂന്ന് ഇന്ത്യക്കാർ സാദ്ധ്യതാ പട്ടികയിലെന്ന് റിപ്പോർട്ട്

Wednesday 05 October 2022 7:58 PM IST

ന്യൂഡൽഹി : സമാധാനത്തിനുള്ള 2022ലെ നോബൽ പുരസ്കാരത്തിനുള്ള സാദ്ധ്യതാ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള മൂന്നു പേരും ഇടം നേടിയതായി റിപ്പോർട്ട്. ഇന്ത്യൻ മാദ്ധ്യമപ്രവർത്തകരും ആൾട്ട് ന്യൂസ് സഹസ്ഥാപകരുമായ മുഹമ്മദ് സുബൈറും പ്രതീക് സിൻഹയും ആക്ടിവിസ്റ്റ് ഹർഷ് മന്ദറുമാണ് പുരസ്കാരത്തിന് പരിഗണിക്കുന്നവരുടെ പട്ടികയിൽ ഉള്ളതായി റിപ്പോർട്ട് പുറത്തുവന്നത്.

റോയിട്ടേഴ്സ് സർവേ പ്രകാരം ടൈം മാഗസിൻ പുറത്തുവിട്ട സാദ്ധ്യതാ പട്ടികയിലാണ് മുഹമ്മദ് സുബൈറും പ്രതീക് സിൻഹയും ഇടം നേടിയത്. 2018ൽ നടത്തിയ ട്വീറ്റ് വിദ്വേഷപരം എന്ന് ചൂണ്ടിക്കാട്ടി ഡൽഹി പൊലീസ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തിരുന്നു. മതത്തിന്റെ പേരിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തിയതിനും മതവികാരം വ്രണപ്പെടുത്തുന്ന ബോധപൂർവമായ പ്രവർത്തനങ്ങളും നടത്തിയെന്നാരോപിച്ചാണ് ഡൽഹി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. ഇതിനെതിരെ ഇന്ത്യയ്ക്കകത്തും പുറത്തും വൻ പ്രതിഷേധം ഉയർന്നിരുന്നു. ഒക്ടോബറിലാണ് സുപ്രീംകോടതി സുബൈറിന് ജാമ്യം അനുവദിച്ചത്.

ഓസ്‌ലോ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാദ്ധ്യതാ പട്ടികയിലാണ് ഹർഷ് മന്ദർ ഇടം പിടിച്ചത്. 2022ലെ ഗുജറാത്ത് കലാപത്തിന് ശേഷം സർവീസിൽ നിന്ന് രാജിവച്ച ഐ,​എ,​എസ് ഉദ്യോഗസ്ഥനാണ് ഹർഷ് മന്ദർ. കർവാൻ ഇ മൊഹബത്ത് ( പ്രേമത്തിന്റ കാരവൻ)​ എന്ന സംഘടനയുടെ പ്രവർത്തനങ്ങളിലൂടെ സാമൂഹ്യ പ്രവർത്തനരംഗത്ത് ഇദ്ദേഹം ശ്രദ്ധേയനാണ്. എഴുത്തുകാരൻ കൂടിയായ ഹർഷ് മന്ദർ ഡൽഹിയിലെ സെന്റർ ഫോർ ഇക്വിറ്റി സ്റ്റഡീസിന്റെ ഡയറക്ടറാണ്,​

Advertisement
Advertisement