'ചൂണ്ടിയ' സാധനങ്ങൾ വീണ്ടും ഫാക്ടറിവളപ്പിൽ

Thursday 06 October 2022 12:18 AM IST

കരൂരിലെ മീനച്ചിൽ റബർ ഫാക്ടറിയിൽ നിന്ന് മോഷണംപോയ നാലു മെഷീൻ കവറുകൾ തിരികെകിട്ടി

പാലാ: കരൂരിലെ മീനച്ചിൽ റബർ ഫാക്ടറിയിൽ നിന്ന് മോഷണം പോയ മെഷീൻ കവറുകൾ ഫാക്ടറി വളപ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. മോഷണ മുതൽ കിട്ടിയെങ്കിലും കേസുമായി മുന്നോട്ടുപോകുമെന്ന് ഭരണസമിതിയിലെ ഒരു പ്രമുഖൻ പറഞ്ഞു. ഇതേസമയം കാര്യങ്ങൾ മറയ്ക്കാൻ ശ്രമിച്ചക്കുകയാണ് ഫാക്ടറിയിലെ ഉദ്യോഗസ്ഥ നേതൃത്വം. വർഷങ്ങളായി അടഞ്ഞുകിടന്ന മീനച്ചിൽ റബർ മാർക്കറ്റിംഗ് ആൻഡ് പ്രോസസിംഗ് സൊസൈറ്റിയുടെ കരൂർ വെള്ളഞ്ചുരിലെ ഫാക്ടറിയിൽ നിന്നും മോഷണംപോയ നാലു മെഷീൻ കവറുകളാണ് കഴിഞ്ഞദിവസം തിരികെകിട്ടിയത്.

മോഷ്ടാക്കൾ ഈരാറ്റുപേട്ടയിലെ ആക്രിക്കടയിൽ അരലക്ഷത്തോളം രൂപയ്ക്ക് വിറ്റ സാധനം കഴിഞ്ഞദിവസം രാത്രി കരൂരിലെ ഫാക്ടറി കോമ്പൗണ്ടിലെ കാട്ടിൽ തള്ളുകയായിരുന്നു. വിവരമറിഞ്ഞ് ഫാക്ടറി മേധാവികൾ സ്ഥലത്തെത്തി സാധനങ്ങൾ തിരികെയെടുത്തു. നഷ്ടപ്പെട്ട മെഷീൻ കവറുകളെല്ലാം തിരികെകിട്ടിയതായി ഫാക്ടറി എം.ഡി പ്രീത പറഞ്ഞു.

'പാർട്ടി ചെയർമാൻ കൂടി ഇടപെട്ടാണ് കോട്ടയം പൊലീസ് ചീഫിന് പരാതി കൊടുത്തത്. സംഭവം വാർത്തയായപ്പോൾ പ്രതികൾ കുടുങ്ങുമെന്ന് ഉറപ്പായി. ഇതോടെ ചിലരൊക്കെ പ്രതികൾക്ക് വേണ്ടി ശുപാർശയുമായി ഇറങ്ങി. സംഗതി പ്രശ്‌നമാകും എന്നറിഞ്ഞപ്പോഴാണ് മോഷണ വസ്തു തിരികെ എത്തിച്ച് ഒത്തുതീർപ്പിനു ശ്രമിച്ചത്. ആരെങ്കിലും മോഷണം നടത്തിയിട്ട് പിടി വീഴുമെന്നറിയുമ്പോൾ മോഷണ മുതൽ തിരികെ തന്നാൽ പ്രശ്‌നം തീരുമോ?... കേസ്സ് കേസ്സിന്റെ വഴിയ്ക്ക് പോകും. അത് പിൻവലിക്കുന്ന പ്രശ്‌നമില്ല' ഭരണ സമിതിയിലെ പ്രമുഖൻ തുറന്നടിച്ചു.

മോഷണം തുടർക്കഥ

പൂട്ടിപ്പോയ മീനച്ചിൽ ഫാക്ടറിയുടെ അടിവേര് വരെ മാന്തുന്ന രീതിയിൽ മോഷണം പതിവാണ്. ഫാക്ടറിയിലെ മെഷീനുകളുടെ കവറുകൾ മോഷണം പോയതാണ് ഒടുവിലത്തെ സംഭവം. ഫാക്ടറി പുനരാരംഭിക്കുന്നത് സംബന്ധിച്ച് സർക്കാർ ഗൗരവമായി ആലോചിച്ചുവരുന്നതിനിടെയാണ് വിലപ്പെട്ട വസ്തുക്കൾ മോഷണംപോയത്. സൊസൈറ്റിയുടെയും ഫാക്ടറിയുടെയും പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയെ സർക്കാർ നിയോഗിച്ചിരുന്നു. ഇതിന് മുമ്പ് പലവട്ടം ഇവിടെ നിന്ന് വിലകൂടിയ നിരവധി മോട്ടോറുകളും വീപ്പകളും ഫാനുകളും ഉൾപ്പെടെ മോഷണം പോയിരുന്നു. ഇതിൽ പല സംഭവങ്ങളിലും ഫാക്ടറി മാനേജ്‌മെന്റും ഉദ്യോഗസ്ഥമേധാവികളും കണ്ണടയ്ക്കുകയായിരുന്നു.

Advertisement
Advertisement