നീലപ്പൂക്കൾ വിരിഞ്ഞ് പാടങ്ങൾ: വിളവെടുപ്പിന് ഒരുങ്ങി വരവൂർ ഗോൾഡ്

Wednesday 05 October 2022 8:23 PM IST

വരവൂർ : ജൈവവളത്തിൽ വിളഞ്ഞ വരവൂർ ഗോൾഡെന്ന വരവൂർ കൂർക്കയുടെ വിളവെടുപ്പിന് തുടക്കം. മൂപ്പെത്തിയതിന്റെ അടയാളമായി പാടങ്ങളിൽ നീലപ്പൂക്കൾ വിരിഞ്ഞതോടെ കൂർക്ക വിളവെടുപ്പിന് കൃഷിക്കാർ സജ്ജമായി. വരവൂരിലെ നടുത്തറ, പിലാക്കാട്, വരവൂർ വളവ്, കുമരപനാൽ, നടുവട്ടം എന്നിവിടങ്ങളിൽ 300 ഏക്കറോളം സ്ഥലത്താണ് കൃഷിയിറക്കിയത്. മണ്ണിന്റെ സവിശേഷത കൊണ്ടും ജൈവ കൃഷിയായതിനാലും വരവൂരിലെ കൂർക്കയ്ക്ക് രുചി കൂടും. കാര്യമായ കീടബാധയില്ലാത്തതും നല്ല വില ലഭിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ.

കുടുംബശ്രീയുടെ നേതൃത്വത്തിലും വൻതോതിൽ കൃഷി ചെയ്തിട്ടുണ്ട്. 33 ജെ.എൽ.ജി ഗ്രൂപ്പുകൾ ചേർന്ന് 70 ഏക്കറിലാണ് ഇത്തവണ കൂർക്ക കൃഷി. കൂർക്കയ്ക്ക് നേരിട്ട് വിപണി ഒരുക്കാൻ മുന്നോട്ടുവന്നിരിക്കുകയാണ് വരവൂർ പഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും. നാളെയും മറ്റെന്നാളുമായി ഇതിനായി സ്‌പെഷ്യൽ കൂർക്കച്ചന്ത സംഘടിപ്പിക്കും.

കിലോയ്ക്ക് 55 രൂപ നിരക്കിലാണ് ചന്തയിൽ വിൽക്കുക. ഇതോടൊപ്പം ഇവിടെ നിന്നും കോട്ടയം, കൊച്ചി, പെരുമ്പാവൂർ, കോഴിക്കോട്, പട്ടാമ്പി മാർക്കറ്റുകളിലേക്കാണ് പ്രധാനമായും കൂർക്ക പോകുന്നത്. ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചെങ്ങാലിക്കോടൻ സ്‌പെഷ്യൽ ഓണച്ചന്തയും ചെങ്ങാലിക്കോടൻ വാഴ വിത്ത് വിപണനമേളയും ഹിറ്റായിരുന്നു. വരവൂർ പഞ്ചായത്ത് സ്റ്റേജ് പരിസരത്ത് നടക്കുന്ന സ്‌പെഷ്യൽ കൂർക്കച്ചന്ത പ്രസിഡന്റ് പി.പി.സുനിത ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് കെ.കെ.ബാബു അദ്ധ്യക്ഷത വഹിക്കും.

കഴിഞ്ഞ വർഷം വിറ്റു വരവ് 2 ലക്ഷം

കഴിഞ്ഞ വർഷം രണ്ട് ലക്ഷം രൂപയോളമാണ് ഇത്തരം ഫെസ്റ്റ് വഴി ലഭിച്ചതെന്നും ഈ വർഷം അതിൽ കൂടുതൽ പ്രതീക്ഷിക്കുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുനിത പറഞ്ഞു.

  • കൃഷിയിറക്കിയത് 300 ഏക്കറോളം സ്ഥലത്ത്
  • പ്രതീക്ഷിക്കുന്ന വില കിലോയ്ക്ക് 55

ചന്തയിൽ വ്യത്യസ്തങ്ങളായ കൂർക്ക വിഭവങ്ങൾ ഒരുക്കുന്നതും പരിഗണനയിൽ ഉണ്ട്. കൂർക്കയും ബീഫും, കൂർക്കയും നെയ്ച്ചാളയും ഉൾപ്പെടെയുള്ള വിഭവങ്ങളൊരുക്കും.

എം.കെ.ആൽഫ്രെഡ്

പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി