പഞ്ചായത്തുകളിലെ നായ്ക്കളെ വന്ധ്യംകരിക്കാൻ കോർപറേഷൻ എ.ബി.സി സെൻ്റർ

Wednesday 05 October 2022 8:24 PM IST

തൃശൂർ: പഞ്ചായത്ത് കേന്ദ്രീകരിച്ചുള്ള വന്ധ്യംകരണത്തിന് പ്രതിസന്ധിയേറിയതോടെ പഞ്ചായത്തുകളിലെ നായ്ക്കളെ കോർപറേഷൻ എ.ബി.സി സെന്ററിൽ വന്ധ്യംകരിക്കാനുള്ള നടപടികൾ കോർപറേഷനും പഞ്ചായത്തും തുടങ്ങി. വന്ധ്യംകരണത്തിന് ചെലവ് ജില്ലാ പഞ്ചായത്ത് വഹിക്കും. നായ്ക്കളെ പിടികൂടി വാക്‌സിനേഷനും വന്ധ്യംകരണവും നടത്തി പിടിച്ചയിടത്ത് തന്നെ കൊണ്ടുവിടുന്നത് അടക്കം കോർപറേഷൻ നടത്തും.

ഇതിനുള്ള ജീവനക്കാരെ നിയോഗിച്ചു. ചാവക്കാട് മുനിസിപ്പാലിറ്റി, വടക്കാഞ്ചേരി മുനിസിപ്പാലിറ്റി, വെള്ളാങ്കല്ലൂർ ബ്ലോക്ക്, മാള ബ്ലോക്ക് എന്നിവിടങ്ങളിലെ പ്രജനന നിയന്ത്രണ കേന്ദ്രങ്ങളുടെ എസ്റ്റിമേറ്റ്, കഴിഞ്ഞദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ബ്ലോക്ക്, മുനിസിപ്പാലിറ്റി അദ്ധ്യക്ഷന്മാരുടെയും ഉദ്യോഗസ്ഥന്മാരുടെയും യോഗം അംഗീകരിച്ചിരുന്നു. എന്നാൽ ഇനിയും സ്ഥലം ലഭ്യമാകാത്ത ബ്ലോക്കും മുനിസിപ്പാലിറ്റികളുമുണ്ട്. അവിടെ യോഗം ചേർന്ന് അടിയന്തരമായി സമവായത്തിലെത്തി സ്ഥലം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.വി.വല്ലഭനെ ചുമതലപ്പെടുത്തിയിരുന്നു.

എ.ബി.സി കേന്ദ്രങ്ങളോട് ചേർന്നുള്ള വിവിധ തലത്തിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള തുക കേന്ദ്രം ഒരുക്കാനായി വിനിയോഗിക്കും. അതേസമയം, എ.ബി.സി പദ്ധതി നടപ്പാക്കുന്നത് തുടരാൻ കുടുംബശ്രീയെ അനുവദിക്കണമെന്ന ആവശ്യമാണ് തദ്ദേശ സ്വയംഭരണ വകുപ്പിനുള്ളത്. വളർത്തുപട്ടികൾക്ക് രജിസ്‌ട്രേഷനും ലൈസൻസും നിർബന്ധമാക്കാനും പട്ടിയെയും ഉടമയെയും തിരിച്ചറിയാനുള്ള സംവിധാനം തദ്ദേശസ്വയംഭരണ സ്ഥാപനം കേന്ദ്രീകരിച്ച് നടപ്പാക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.

നായ പിടുത്തക്കാരുണ്ടോ ?

നായ്ക്കളെ പിടികൂടി സെന്ററുകളിലെത്തിക്കാൻ കഴിയുന്നവരെ കിട്ടാനില്ലെന്നതാണ് പ്രധാനപ്രശ്‌നങ്ങളിലൊന്ന്. ഇതിനായി മൃഗസംരക്ഷണവകുപ്പ് അപേക്ഷ ക്ഷണിച്ചെങ്കിലും വേണ്ടത്രയാളുകളെ കിട്ടിയിരുന്നില്ല.

പഞ്ചായത്തുകളിൽ നിന്നുള്ള തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കാനുള്ള നടപടിക്രമം തുടരുകയാണ്. അടുത്തയാഴ്ച മുതൽ വന്ധ്യംകരണം തുടങ്ങണമെന്ന ലക്ഷ്യത്തോടെയാണ് ഒരുക്കങ്ങൾ.

എം.കെ.വർഗീസ്

മേയർ

പഞ്ചായത്തുകളിൽ നിന്നുള്ള നായ്ക്കളുടെ വന്ധ്യകരണ ദിനങ്ങൾ: ചൊവ്വ, വെള്ളി ഒരുദിവസം വന്ധ്യംകരിക്കാനാകുക: 15 നായ്ക്കളെ

പറവട്ടാനി കേന്ദ്രത്തിലുള്ളത്

2 ഡോക്ടർമാർ രണ്ട് നഴ്‌സിംഗ് അസിസ്റ്റന്റുമാർ നാല് വർക്കേഴ്‌സ് 40 കൂടുകൾ 16 കൂടുകൾ (ജില്ലാ പഞ്ചായത്ത് ലഭ്യമാക്കിയത്)

തൃശൂർ കോർപറേഷൻ എ.ബി.സി സെന്ററിൽ ആഴ്ചയിൽ രണ്ട് ദിവസം വീതം പഞ്ചായത്തുകളിലെ തെരുവുനായ വന്ധ്യംകരണം ഉടൻ ആരംഭിക്കും.

ഫ്രാൻസിസ് ബാസ്റ്റിൻ മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ.

മാതൃകയായ പറവട്ടാനി കേന്ദ്രം

തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിൽ സംസ്ഥാനത്തിന് തന്നെ മാതൃകയായി വിശേഷിപ്പിക്കപ്പെട്ടതായിരുന്നു അഞ്ച് വർഷം മുൻപ് പറവട്ടാനിയിൽ തയ്യാറാക്കിയ ശസ്ത്രക്രിയാ കേന്ദ്രം. പദ്ധതി ആരംഭിച്ച് മൂന്നുമാസത്തിനുള്ളിൽ കോർപറേഷന് കീഴിലെ അറുന്നൂറോളം തെരുവുനായ്ക്കളെ വന്ധ്യംകരിച്ചു. രണ്ട് വർഷം മുൻപ് പ്രവർത്തനം താറുമാറായെങ്കിലും പിന്നീട് സജീവമായി.