പേ വിഷബാധ; എച്ചിപ്പാറയിൽ 250 പശുക്കൾക്ക് വാക്‌സിൻ

Wednesday 05 October 2022 8:28 PM IST

വരന്തരപ്പിള്ളി: പേവിഷ ബാധ ആശങ്ക ഉയർത്തിയ എച്ചിപ്പാറ, ചിമ്മിനി മേഖലയിൽ ഉടമസ്ഥരുള്ളതും അലഞ്ഞുതിരിഞ്ഞു നടക്കുന്നതുമായ 250 ഓളം പശുക്കൾക്ക് വാക്‌സിൻ. ജില്ലാ മൃഗ സംരക്ഷണ വകുപ്പിന്റെയും വരന്തരപ്പിള്ളി പഞ്ചായത്തിന്റെയും നേതൃത്വത്തിൽ എച്ചിപ്പാറയിൽ സംഘടിപ്പിച്ച മെഗാ വാക്‌സിനേഷൻ ക്യാമ്പിലായിരുന്നു വാക്‌സിൻ വിതരണം. തോട്ടങ്ങളിൽ മേഞ്ഞു നടക്കുന്ന പശുക്കളെ കെട്ടിയിട്ടാണ് വാക്‌സിൻ കുത്തി വച്ചത്. ജില്ലാ ചീഫ് മൃഗസംരക്ഷണ ഓഫീസർ, ഡോ.ലത മേനോന്റെ നേതൃത്വത്തിൽ വരന്തരപ്പിള്ളി മൃഗാശുപത്രിയിലെ സർജൻ ഡോ.എസ്.ദേവി, വരന്തരപ്പിള്ളി, പറപ്പൂക്കര, തൃക്കൂർ, ചെങ്ങാലൂർ, നെന്മണിക്കര എന്നിവിടങ്ങളിൽ നിന്നെത്തിയ അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാർ, ജീവനക്കാർ എന്നിവർ വാക്‌സിൻ ക്യാമ്പിൽ പങ്കാളികളായി. ഇവർ മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു വാക്‌സിനേഷൻ.

പേവിഷ ബാധയേറ്റ് ഒരു മാസത്തിനിടെ ഏഴ് വളർത്തു മൃഗങ്ങളും നിരവധി തെരുവുനായ്ക്കളും ചത്തതോടെയാണ് മേഖലയിൽ പേ വിഷ ബാധ ആശങ്ക ഉടലെടുത്തത്. തോട്ടം മേഖലയിൽ പേവിഷ ബാധ പടർന്നു പിടിച്ചതോടെ നാട്ടുകാർ ആശങ്കയിലായിരുന്നു. ഒന്നരമാസമായി തുടരുന്ന ആശങ്കയകറ്റാൻ നിരവധി പ്രവർത്തനം നടത്തിയെങ്കിലും വാക്‌സിൻ നൽകണമെന്ന ആവശ്യത്തിലായിരുന്നു നാട്ടുകാർ. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി.അശോകൻ, പഞ്ചായത്തംഗങ്ങളായ അഷറഫ് ചാലിയത്തൊടി, റോസിലി തോമസ്, റഷീദ് വാരിക്കോടൻ, വിജിത ശിവദാസൻ, ചിമ്മിനി വൈൽഡ്‌ലൈഫ് സെക്ഷൻ ഓഫീസർ വി.ആർ.ബോസ് എന്നിവരും സ്ഥലത്തുണ്ടായിരുന്നു.

നിയന്ത്രിക്കാൻ കഴിയാത്ത തരത്തിലാണ് പശുക്കളെ തോട്ടങ്ങളിൽ അഴിച്ചിട്ട് വളർത്തുന്നത്. ഇത് പേവിഷബാധയ്ക്ക് ആക്കം കൂട്ടും.

ഡോ.ലത മേനോൻ മൃഗസംരക്ഷണ ഓഫീസർ, ജില്ലാ ചീഫ്.