അക്ഷര ദേവതയുടെ തിരുനടയിൽ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ

Thursday 06 October 2022 12:25 AM IST

കോട്ടയം: അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്തേക്ക് ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. സരസ്വതി ക്ഷേത്രമായ കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ പതിനായിരകണക്കിന് കുരുന്നുകൾ ഇന്നലെ ആദ്യാക്ഷരം കുറിച്ചു. പുലർച്ചെ ക്ഷേത്രചടങ്ങുകൾക്ക് ശേഷം നാലിന് വിദ്യാരംഭചടങ്ങുകൾ ആരംഭിച്ചു. എഴുത്തിനിരുത്ത് വൈകുന്നേരം വരെ നീണ്ടു. തന്ത്രി പെരിഞ്ചരിമന വാസുദേവൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.

30 ആചാര്യൻമാർ വിദ്യാമണ്ഡപത്തിൽ കുട്ടികളെ എഴുത്തിനിരുത്തി. ദേവസ്വം മാനേജർ കെ.എൻ നാരായണൻ നമ്പൂതിരി കരുനാട്ടില്ലം, ഊരാണ്മയോഗം സെക്രട്ടറി കെ.എൻ നാരായണൻ നമ്പൂതിരി കൈമൂക്കില്ലം,അസി.മാനേജർ കെ.വി ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.

രണ്ട് വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം, പുലർച്ചെ മുതൽ വിദ്യാരംഭത്തിനും ദർശനത്തിനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കൊവിഡ് ഇളവുണ്ടായിരുന്നെങ്കിലും എഴുത്തിനിരത്തുന്നതിനുള്ള സ്വർണ്ണ മോതിരം ഇത്തവണ ഭക്തർ തന്നെയാണ് കൊണ്ടുവന്നത്. മോതിരം കൈവശമില്ലാതിരുന്നവർക്ക് ക്ഷേത്രത്തിൽ നിന്നും മോതിരം നൽകി. ഇരുപതിനായിരത്തോളം പേർ ചടങ്ങിൽ പങ്കെടുത്തതായി ഭാരവാഹികൾ അറിയിച്ചു. വിഷ്ണു ക്ഷേത്രത്തിലും സരസ്വതിന നടയിലും തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളും ഇന്ന് സമാപിക്കും.