അറിവിന്റെ ആദ്യക്ഷരം പകർന്ന് തിരുവുള്ളക്കാവ്

Wednesday 05 October 2022 9:59 PM IST

ചേർപ്പ്: വിജയദശമി ദിനത്തിൽ തിരുവുള്ളക്കാവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ പതിനായിരത്തോളം കുരുന്നുകൾ അറിവിന്റെ ആദ്യക്ഷരം കുറിച്ചു. ഇന്നലെ പുലർച്ചെ നാല് മുതൽ ക്ഷേത്ര സരസ്വതി മണ്ഡപത്തിൽ എഴുത്തിനിരുത്തൽ ആരംഭിച്ചു. തിരുവുള്ളക്കാവ് വാരിയത്തെ ടി.വി.ശ്രീധരൻ വാരിയരുടെ നേതൃത്വത്തിൽ അറുപതോളം ആചാര്യന്മാർ നേതൃത്വം നൽകി. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കെ.പി.കൃഷ്ണൻ ഭട്ടതിരിപ്പാട്, മേൽശാന്തി മഴമംഗലത്ത് തരണനെല്ലൂർ രമേശൻ നമ്പൂതിരിപ്പാട് എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ഇന്നലെ ഉച്ചവരെയും വൈകീട്ടും എഴുത്തിനിരുത്തൽ തുടർന്നു. വൻ ഭക്തജന തിരക്കും അനുഭവപ്പെട്ടു. തൃശൂർ റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്രേ, ഐ.ജി ആർ.ആദിത്യ എന്നിവർ ദർശനത്തിനെത്തി. ദേവസ്വം ഭരണസമിതി പ്രസിഡന്റ് എ.ജെ.വാസുദേവൻ അടിതിരിപ്പാട്, സെക്രട്ടറി എ.എ.കുമാർ, ജോ: സെക്രട്ടറി സി.ആർ.രാജൻ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.