അറിവിന്റെ മധുരം നുകർന്ന് ആയിരങ്ങൾ
Wednesday 05 October 2022 10:05 PM IST
തൃശൂർ : വിദ്യാരംഭ ദിനത്തിൽ അറിവിന്റെ മധുരം നുകർന്ന് ആയിരങ്ങൾ. തിരുവമ്പാടി ക്ഷേത്രത്തിൽ വിജയദശമി നാളിൽ നടന്ന വിദ്യാരംഭ ചടങ്ങിന് തോട്ടം നീലകണ്ഠൻ നമ്പൂതിരി ആചാര്യനായി. മുപ്പതോളം കുട്ടികൾ ആദ്യക്ഷരം കുറിച്ചു. കോലഴി കൊട്ടാരം മൂകാംബിക ക്ഷേത്രത്തിൽ നടന്ന എഴുത്തിനിരുത്തൽ ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.ബി.ഷീല നേതൃത്വം നൽകി. വിദ്യാഗോപാല മന്ത്രാർച്ചനയിലും, സംഗീതാർച്ചനാലാപനത്തിലും നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. ക്ഷേത്ര പുനരുദ്ധാരണ ആഘോഷ കമ്മിറ്റി പ്രസിഡന്റ് പി.കെ.രഘു, സെക്രട്ടറി അഡ്വ.സി.സുനിൽകുമാർ, സി.പി.നന്ദകുമാർ, ട്രഷറർ അഡ്വ.കെ.പി.രാധാകൃഷ്ണൻ, പി.പ്രേംദാസ് തുടങ്ങിയവർ നേതൃത്വം നൽകി. പാറമേക്കാവ് ക്ഷേത്രം, അശോകേശ്വരം ക്ഷേത്രം, കുളശേരി ക്ഷേത്രം, അയ്യന്തോൾ കാർത്യായനി ക്ഷേത്രം, പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ നിരവധി പേർ പങ്കെടുത്തു.