ജമ്മു കാശ്മീരിലെ കുഴപ്പങ്ങൾക്കെല്ലാം കാരണം ഈ മൂന്നു കുടുംബങ്ങൾ,​ രൂക്ഷവിമർശനവുമായി അമിത് ഷാ

Wednesday 05 October 2022 10:31 PM IST

ജമ്മു : ജമ്മു കാശ്മീരിലെ കുഴപ്പങ്ങൾക്കെല്ലാം കാരണം മൂന്നുകുടുംബങ്ങളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു. ജമ്മു കാശ്മീരിലെ വികസനം മന്ദഗതിയിലാക്കിയത് അബ്ദുള്ളമാരും മുഫ്തികളും നെഹ്റു-ഗാന്ധി കുടുംബവുമാണ്. അവർ അഴിമതിയും ദുർഭരണവും വികസനമില്ലായ്മയുമാണ് നൽകിയത്. 90കൾ മുതൽ കാശ്‌മീരിൽ 42,000 മനുഷ്യരാണ് ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. കാശ്‌മീർ വിഷയത്തിൽ പാകിസ്ഥാനുമായി ചർച്ച നടത്തണമെന്ന് ചിലർ പറയുന്നു. എന്തിന് ? അത് നടക്കില്ല. പകരം ബാരാമുള്ളയിലെയും കാശ്‌മീരിലെയുമൊക്കെ ജനങ്ങളുമായി ഞങ്ങൾ സംസാരിക്കും. യുവാക്കൾ അക്രമം വെടിയണമെന്നും അമിത് ഷാ പറഞ്ഞു. വടക്കൻ കാശ്‌മീരിലെ ബാരാമുള്ളയിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാശ്‌മീരിൽ സ്ഥിതി മാറുകയാണ്. മൂന്ന് വർഷത്തിനിടെ 56,000 കോടി രൂപയുടെ നിക്ഷേപം വന്നു. ഇതിലൂടെ അഞ്ച് ലക്ഷം പേർക്ക് തൊഴിലവസരം ലഭിക്കും. സ്വാതന്ത്ര്യാനന്തരം 17,000 കോടി മാത്രം നിക്ഷേപം വന്ന സ്ഥാനത്താണിത്. ജമ്മു കാശ്‌മീരിലെ പാവങ്ങൾക്ക് മോദി സർക്കാർ ഒരു ലക്ഷം വീടുകൾ നൽകി. ടൂറിസത്തിൽ മുന്നേറ്റമുണ്ടായി. സുരക്ഷ മെച്ചപ്പെട്ടതോടെ ഇക്കൊല്ലം 22 ലക്ഷം സഞ്ചാരികൾ വന്നു

തിരഞ്ഞെടുപ്പ് കമ്മിഷൻ പുതുക്കിയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചാലുടൻ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. മുൻപ് ചിലരിൽ കേന്ദ്രീകരിച്ച അധികാരം ഇപ്പോൾ പഞ്ചായത്ത്, ജില്ലാ കൗൺസിലുകളുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട 30,000 പേരുടെ കൈകളിലായി. ആർട്ടിക്കിൾ 370 പ്രകാരം എസ്.സി, എസ്.ടി സംവരണം ലഭിച്ചിരുന്നില്ല. ആ വകുപ്പ് റദ്ദാക്കിയ ശേഷം ഗുജ്ജാർ, ബകർവാൾ, പഹാഡികൾ എന്നിവർക്ക് സംവരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement