ഒന്നു കൈപി​ടി​ച്ചാൽ ഇവൾ ഓരത്തെത്തും

Thursday 06 October 2022 12:52 AM IST
സയമോൾ അമ്മയ്‌ക്കൊപ്പം

ഹരിപ്പാട്: ഹൃദയത്തിൽ നിന്ന് തലച്ചോറിലേക്കുള്ള രക്തയോട്ടത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് ശരീരം നീല നിറമാകുന്ന അവസ്ഥയിൽ ജീവിതം തുടങ്ങിയ സയമോൾക്ക് ഇപ്പോൾ ആറു വയസ്. കുഞ്ഞിന് ആറു വയസാകുമ്പോൾ ഒരു മേജർ ശസ്ത്രക്രിയ നടത്തിയെങ്കിൽ മാത്രമേ ജീവൻ നില നിറുത്താൻ കഴിയുകയുള്ളൂ എന്ന് ഡോക്ടർമാർ പണ്ടേ പറഞ്ഞിരുന്നു. 16 മണിക്കൂറിലേറെ ദൈർഘ്യം വരുന്ന ഈ ഓപ്പറേഷന് 16 ലക്ഷത്തിലധികമാണ് നിശ്ചയിച്ചിരിക്കുന്ന ചെലവ്.

കാർത്തികപ്പള്ളി പഞ്ചായത്തിൽ മഹാദേവികാട് പുണ്യംകാട്ടിൽ വീട്ടിൽ വിദ്യ- രാജേഷ് ദമ്പതികളുടെ ഏക മകളാണ് സയ രാജേഷ്. ഒമ്പത് മാസം പ്രായമുള്ളപ്പോഴാണ് സയമോളെ പ്രധാനപ്പെട്ടൊരു ഹൃദയ ശസ്ത്രക്രിയക്ക് തിരുവനന്തപുരം ശ്രീചിത്രയിൽ വിധേയയാക്കിയത്. നിലവിൽ രക്തക്കുഴൽ കടന്നു പോകുന്ന ഭാഗത്ത് കൃത്രിമ ബെന്റ് പിടിപ്പിച്ചിരിക്കുകയാണ്. ഇനി എത്രയും വേഗം ശസ്ത്രക്രിയയ്ക്ക് വിധേയമാകണമെന്ന് ആശുപത്രിക്കാർ അറിയിച്ചിട്ട് മാസങ്ങളായെങ്കിലും മറുപടി നൽകാൻ മാതാപിതാക്കൾക്ക് ആകുന്നില്ല. ഭാരിച്ച സാമ്പത്തിക ബാദ്ധ്യതയാണ് പ്രധാന കാരണം.

തലച്ചോറിന് ഗുരുതര രോഗം ബാധിച്ച് മരണത്തിൽ നിന്നു ഭാഗ്യത്തിന് രക്ഷപ്പെട്ട രാജേഷ് എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ്. നിത്യ ചെലവിനുള്ള വകയ്ക്കുപോലും ജോലി ചെയ്യാനുള്ള ആരോഗ്യം രാജേഷിനില്ല. സമ്പാദ്യമെന്ന് പറയാൻ സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ല. വർഷങ്ങളായി നിത്യ ദുരിതത്തിൽ കഴിയുന്ന ഈ കുടുംബത്തെ നാട്ടുകാർ പരമാവധി സഹായിച്ചു കഴിഞ്ഞു. നാട്ടുകാരുടെ കാരുണ്യം കൊണ്ടാണ് രാജേഷിന്റെയും സയ മോളുടെയും ചികിത്സ ഇതുവരെ നടന്നത്. ഇനി ആരുടെ മുന്നിൽ കൈനീട്ടണമെന്ന് ഈ മാതാപിതാക്കൾക്ക് അറിയില്ല.

ആശുപത്രിക്കാർ ശസ്ത്രക്രിയയ്ക്ക് പൂർണ്ണ സജ്ജമാണ്. ഏക മകളുടെ ജീവനുവേണ്ടി കേഴുന്ന ഈ മാതാപിതാക്കളുടെ അവസാന പ്രതീക്ഷ കരുണവറ്റാത്ത മനസുകളാണ്. എസ്.ബി.ഐ ഹരിപ്പാട് ടൗൺ ശാഖയിൽ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 20278678026. IFSC SBIN0010596 ഹരിപ്പാട് ടൗൺ ബ്രാഞ്ച് (രാജേഷ് ആർ).

Advertisement
Advertisement