ക്വാണ്ടം മെക്കാനിക്സ് ഗവേഷണം: ഫിസിക്സ് നോബൽ മൂന്ന് പേർക്ക്
സ്റ്റോക്‌ഹോം :ക്വാണ്ടം മെക്കാനിക്സിലെ ഗവേഷണങ്ങൾക്ക് ഈ വർഷത്തെ ഫിസിക്സ് നോബൽ സമ്മാനം മൂന്നുപേർക്ക്. അലെയ്ൻ ആസ്‌പെക്ട്, ജോൺ എഫ്. ക്ലൗസർ, ആന്റൺ സെയ്‌ലിംഗർ എന്നിവർക്കാണ് അംഗീകാരം.
ക്വാണ്ടം എൻടാംഗിൾമെന്റ് പ്രതിഭാസത്തിലാണ് മൂവരുടെയും ഗവേഷണം. അകന്നിരിക്കുന്ന അല്ലെങ്കിൽ വേറിട്ടിരിക്കുന്ന രണ്ട് പ്രകാശ കണികകൾ പരസ്പര ബന്ധിതമായ ഒറ്റ യൂണിറ്റ് പോലെ ( എൻടാംഗിൾഡ് ) പെരുമാറുന്നതായാണ് ഇവരുടെ ഗവേഷണങ്ങൾ തെളിയിച്ചത്. ഒരു കണികയിൽ നിന്ന് അകലെയുള്ള മറ്റൊരു കണികയിലേക്ക് അതിന്റെ അതിസൂക്ഷ്‌മ രൂപത്തെ ( ക്വാണ്ടം യൂണിറ്റ് ) ടെലിപോർട്ട് ചെയ്യാമെന്നും ഇവർ കണ്ടെത്തി. ഇത് ക്വാണ്ടം കമ്പ്യൂട്ടർ, ക്വാണ്ടം നെറ്റ്‌വർക്ക്, ക്വാണ്ടം എൻക്രിപ്റ്റഡ് കമ്മ്യൂണിക്കേഷൻ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾക്ക് വഴിതെളിക്കുമെന്ന് നോബൽ കമ്മിറ്റി വിലയിരുത്തി.
എൻടാംഗിൾമെന്റ് പ്രതിഭാസത്തെ ആസ്പദമാക്കി ഉത്തര അയർലൻഡിലെ ഗവേഷകനായ ജോൺ ബെൽ ആവിഷ്‌ക്കരിച്ച ' ബെൽ തിയറം" (ബെൽ ഇനിക്വാളിറ്റി ) എന്ന സിദ്ധാന്തം ലംഘിക്കപ്പെടുന്നതായി ഇവർ കണ്ടെത്തി.
ഓസ്ട്രിയ സ്വദേശിയായ ആന്റൺ സെയ്‌ലിംഗർ വിയന്ന യൂണിവേഴ്സിറ്റിയിലെ ഫിസിക്സ് പ്രൊഫസറാണ്. ഫ്രഞ്ച് ഗവേഷകനായ അലെയ്ൻ ആസ്‌പെക്ട് തെക്കൻ പാരീസിലെ ഇക്കോൾ പോളിടെക്നികിലെ പ്രൊഫസറും ഫ്രഞ്ച് അക്കാഡമി ഒഫ് സയൻസസ് അംഗവുമാണ്. അമേരിക്കക്കാരനായ ജോൺ എഫ്. ക്ലൗസർ കാലിഫോർണിയയിലെ ലോറൻസ് ബർക്‌ലീ നാഷണൽ ലബോറട്ടറിയിലടക്കം പ്രവർത്തിച്ചിട്ടുണ്ട്. ഇസ്രയേലിലെ വുൾഫ് ഫൗണ്ടേഷൻ നൽകുന്ന വുൾഫ് പ്രൈസിന്റെ ഫിസിക്സ് വിഭാഗത്തിലും ഇവർ മൂവരും ഒരുമിച്ച് വിജയികളായിട്ടുണ്ട്. 2010ലായിരുന്നു ഇത്.