അനാഥാലയങ്ങളിൽ ബർഗർ വിതരണം ചെയ്യാൻ ഹർജിക്കാരനോട് കോടതി

Thursday 06 October 2022 1:17 AM IST

ന്യൂഡൽഹി: ബലാത്സംഗക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജിക്കാരനോട് രണ്ട് അനാഥാലയങ്ങളിൽ ബർഗർ വിതരണം ചെയ്യാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിനാണ് സാമൂഹ്യ സേവനത്തിന്റെ ഭാഗമായി ബർഗർ വിതരണം ചെയ്യാൻ ജസ്റ്റിസ് ജസ്മീത് സിംഗ് അദ്ധ്യക്ഷനായ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. നോയ്ഡയിലും മയൂർവിഹാറിലും ബർഗർ സ്ഥാപനം നടത്തുന്ന ഹർജിക്കാരൻ ഭാര്യയുമായുള്ള പ്രശ്നത്തെ തുടർന്നാണ് കേസുമായി കോടതിയിലെത്തിയത്. കേസ് വൈവാഹിക തർക്കം മാത്രമായിരുന്നെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഒത്തുതീർപ്പിലെത്തുകയാണെന്ന് ഇരുവരും അറിയിച്ചതിനെത്തുടർന്ന് കേസ് റദ്ദാക്കാൻ കോടതി തീരുമാനിച്ചു. എന്നാൽ 2020 മുതൽ നടക്കുന്ന കേസ് കാരണം കോടതിയുടെയും പൊലീസിന്റെയും സമയം നഷ്ടപ്പെട്ടതായി നിരീക്ഷിച്ച കോടതി 100 കുട്ടികൾ വീതമുള്ള രണ്ട് അനാഥാലയങ്ങളിൽ ബർഗർ വിതരണം ചെയ്യാനും 4.5 ലക്ഷം രൂപ മുൻ ഭാര്യയ്ക്ക് നൽകാനും ഉത്തരവിടുകയായിരുന്നു.