പൂജപ്പുരയിൽ പള്ളിവേട്ട കഴിഞ്ഞു; നവരാത്രി വിഗ്രഹങ്ങൾക്ക് നാളെ മടക്കയാത്ര

Thursday 06 October 2022 2:05 AM IST

തിരുവനന്തപുരം: വേളിമല കുമാരസ്വാമി വെള്ളിക്കുതിരപ്പുറത്തേറി പൂജപ്പുരയിലേക്ക് എഴുന്നള്ളി പള്ളിവേട്ടയും കഴിഞ്ഞ് മടങ്ങിയതോടെ നവരാത്രി മഹോത്സവത്തിന് സമാപനമായി. പദ്മനാഭപുരത്തു നിന്നും എഴുന്നള്ളിച്ച നവരാത്രി വിഗ്രഹങ്ങൾക്ക് ഇന്ന് നല്ലിരുപ്പാണ്. വിഗ്രഹങ്ങളുടെ മാതൃക്ഷേത്രത്തിലേക്കുള്ള മടക്കയാത്ര നാളെ രാവിലെ കിഴക്കേകോട്ടയിൽ നിന്നാരംഭിക്കും. ഇന്നലെ രാവിലെ പൂജയെടുപ്പിന് ശേഷമാണ് ആര്യശാല ദേവീ ക്ഷേത്രത്തിൽ നിന്ന് വേളിമല കുമാരസ്വാമിയെ പൂജപ്പുര മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചത്. കരമന നിന്ന് രാവിലെ 9ന് ഘോഷയാത്രയെ ഭക്തജനങ്ങൾ സ്വീകരിച്ച് പൂജപ്പുര സരസ്വതി മണ്ഡപത്തിൽ കുടിയിരുത്തി. തുടർന്ന് ചെങ്കള്ളൂർ മഹാദേവക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട കാവടിഘോഷയാത്ര സരസ്വതി മണ്ഡപത്തിലെത്തി. വൈകിട്ട് 4.30ന് പള്ളിവേട്ടയ്ക്ക് ശേഷം കുമാരസ്വാമിയെ തിരിച്ചെഴുന്നള്ളിച്ചു.

ഇന്നലെ സന്ധ്യകഴിഞ്ഞ് ചെന്തിട്ടയിൽ നിന്ന് മുന്നൂറ്റിനങ്കയെയും കുമാരസ്വാമിയെയും കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിന് മുന്നിലേക്ക് എഴുന്നള്ളിച്ചു. അവിടെ രാജകുടുംബം സ്വീകരണം നൽകി. കാണിക്ക സമർപ്പണത്തിനു ശേഷം വിഗ്രഹങ്ങളെ ക്ഷേത്രങ്ങളിലേക്ക് മടക്കി കൊണ്ടുപോയി. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സ്ഥാനി മൂലംതിരുനാൾ രാമവർമ്മ, പൂയംതിരുനാൾ ഗൗരി പാർവതിബായി, അശ്വതി തിരുനാൾ ഗൗരിലക്ഷ്മിബായി, ആദിത്യവർമ്മ, നവരാത്രി ട്രസ്റ്റ് ഭാരവാഹികളായ ആർ.രാജരാജവർമ്മ, ഡി.വെങ്കിടേശ്വര അയ്യർ എന്നിവർ വിഗ്രഹങ്ങൾക്ക് ആചാരപരമായ വരവേൽപ്പ് നൽകി. നാളെ രാവിലെ പുറപ്പെടുന്ന വിഗ്രങ്ങളുടെ മടക്കയാത്ര ഞായറാഴ്ച വൈകിട്ട് പദ്മനാഭപുരത്തെത്തും.