ദുബായിലെ വലിയ ഹിന്ദു ക്ഷേത്രം തുറന്നു

Thursday 06 October 2022 6:15 AM IST

ദുബായി: ദുബായിലെ വലിയ ഹിന്ദു ക്ഷേത്രം ചൊവ്വാഴ്ച ജബൽ അലിയിൽ സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. അംബാസഡർ സഞ്ജയ് സുധീർ അടക്കമുള്ള ഇന്ത്യൻ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. അയ്യപ്പനും ഗുരുവായൂരപ്പനുമടക്കം 16 മൂർത്തികളുടെ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ സിഖ് ആരാധനയ്ക്കും സൗകര്യമുണ്ട്. നിലവിൽ ദീപാവലി വരെ ഓൺലൈൻ ബുക്കിംഗിലൂടെയാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം. ഇന്നലെ മുതലാണ് ക്ഷേത്രത്തിലേക്ക് വിശ്വാസികളെ പ്രവേശിപ്പിച്ച് തുടങ്ങിയത്. മൂന്ന് വർഷം കൊണ്ടാണ് 80,000 ചതുരശ്ര അടി വിസ്തീർണമുള്ള ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയായത്. 2019ലാണ് യു.എ.ഇ സർക്കാർ ക്ഷേത്രത്തിനായി ഭൂമി നൽകിയത്. ദുബായിലെ രണ്ടാമത്തെ ക്ഷേത്രമാണ് ഇത്. 1959ലാണ് ആദ്യ ക്ഷേത്രം നിർമ്മിച്ചത്.