ഇറാനിൽ ഭൂചലനം: 528 പേർക്ക് പരിക്ക്
Thursday 06 October 2022 6:16 AM IST
ടെഹ്‌റാൻ: വടക്ക് പടിഞ്ഞാറൻ ഇറാനിൽ റിക്ടർ സ്കെയിലിൽ 5.4 രേഖപ്പെടുത്തിയ ഭൂചലനത്തിൽ 528 പേർക്ക് പരിക്ക്. പ്രാദേശിക സമയം ഇന്നലെ പുലർച്ചെ 3.30നാണ് വെസ്റ്റ് അസർബൈജാൻ പ്രവിശ്യയിൽ ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിൽ ഭൂചലനമുണ്ടായത്. പരിക്കേറ്റവരിൽ 135 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 12 ഗ്രാമങ്ങളെ ബാധിച്ച ഭൂചലനത്തിൽ 50 വീടുകൾ തകർന്നു, 500 ലേറെ വീടുകൾക്ക് കേടുപാടുണ്ടായി. ചിലയിടങ്ങളിൽ വൈദ്യുതി, കുടുവെള്ള വിതരണം തടസപ്പെട്ടു. 1990ൽ ഇറാനിലുണ്ടായ 7.4 തീവ്രതയിലെ ശക്തമായ ഭൂചലനത്തിൽ 40,000 പേർ മരിക്കുകയും 300,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2003ൽ 6.6 തീവ്രതയിലുണ്ടായ ഭൂചലനത്തിൽ 31,000 പേർ മരിച്ചിരുന്നു.