ഗാംബിയയിലെ കുട്ടികളുടെ മരണം: കഫ് സിറപ്പ് സംശയ നിഴലിൽ

Thursday 06 October 2022 6:17 AM IST

ജനീവ : പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ വൃക്ക തകരാറിനെ തുടർന്ന് 5 വയസിൽ താഴെയുള്ള 66 കുട്ടികൾ മരിച്ച സംഭവത്തിൽ നാല് ഇന്ത്യൻ കഫ് സിറപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്.ഒ ) രംഗത്ത്.

ഇവയിൽ അപകടകാരികളായ ഡൈഎഥിലീൻ ഗ്ലൈകോൾ, എഥിലീൻ ഗ്ലൈകോൾ എന്നിവയുടെ ഉയർന്ന സാന്നിദ്ധ്യം കണ്ടെത്തിയെന്ന് ഡബ്ല്യു.എച്ച്.ഒ ട്വീറ്റ് ചെയ്തു. ഇന്ത്യൻ അധികൃതരുമായി ചേർന്ന് അന്വേഷണം നടത്തുമെന്ന് ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. സംഭവത്തെ പറ്റി സെപ്തംബർ 29ന് വിവരം ലഭിച്ചതിന് പിന്നാലെ ഇന്ത്യയുടെ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അടിയന്തര അന്വേഷണം ആരംഭിച്ചെന്നാണ് വിവരം.

ഗാംബിയയിലേക്ക് മാത്രമേ ഈ മരുന്നുകൾ കമ്പനി വിതരണം ചെയ്തിട്ടുള്ളൂ എന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അറിയിച്ചെന്ന് ഡബ്ല്യു.എച്ച്.ഒ പറഞ്ഞു. എന്നാലും ഇവ അംഗീകൃതമല്ലാത്ത വിപണികളിലൂടെ ആഫ്രിക്കയിലെ മറ്റ് രാജ്യങ്ങളിലേക്ക് എത്തിയിരിക്കാനുള്ള സാദ്ധ്യത തള്ളാനാകില്ലെന്നും ഇതുവരെ ഈ ഉത്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും സംബന്ധിച്ച് നിർമ്മാതാവ് തങ്ങൾക്ക് ഗ്യാരന്റി നൽകിയിട്ടില്ലെന്നും ഡബ്ല്യു.എച്ച്.ഒ പ്രസ്താവനയിൽ അറിയിച്ചു.

ജൂലായി 19നാണ് ഗാംബിയൻ അധികൃതർ സംഭവത്തിൽ അന്വേഷണം തുടങ്ങിയത്. കുട്ടികൾ മരിച്ച കാലയളവ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സിറപ്പുകൾ കുട്ടികളുടെ മരണത്തിലേക്ക് നയിച്ചെന്ന് കരുതുന്നതിന്റെ രേഖകൾ ഡബ്ല്യു.എച്ച്.ഒ ഇതുവരെ ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ലെന്നാണ് സൂചന.