ഡാരിയ ഡുഗിന വധം : യുക്രെയിന്റെ അറിവോടെയെന്ന് യു.എസ് ഇന്റലിജൻസ് റിപ്പോർട്ട്
മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അടുത്ത അനുയായിയും തീവ്ര ദേശീയ രാഷ്ട്രീയ തത്വചിന്തകനുമായ അലക്സാണ്ടർ ഡുഗിന്റെ മകൾ ഡാരിയ ഡുഗിന ( 29 ) ആഗസ്റ്റിൽ മോസ്കോയിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട സംഭവം യുക്രെയിന്റെ അറിവോടെയെന്ന് അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ട്. ഇന്റലിജൻസ് ഉറവിടങ്ങളെ ഉദ്ധരിച്ച് ഒരു അമേരിക്കൻ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യുക്രെയിൻ സ്വദേശിനിയായ നതാലിയ പവ്‌ലോവ്‌ന വൊവ്‌ക് ആണ് കുറ്റകൃത്യം നടത്തിയതെന്നും' യുക്രെയിൻ സ്പെഷ്യൽ സർവീസസാണ് കുറ്റകൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും റഷ്യയുടെ സുരക്ഷാ ഏജൻസിയായ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്.എസ്.ബി) ഡാരിയയുടെ മരണത്തിന് പിന്നാലെ ആരോപിച്ചിരുന്നു. എന്നാൽ യുക്രെയിൻ ഇത് നിഷേധിച്ചിരുന്നു.
അതേ സമയം, കൊലപാതകത്തിന് അനുമതി നൽകിയ യുക്രെയിൻ അധികൃതരെ വിമർശിക്കുന്ന തരത്തിലെ ഇന്റലിജൻസ് റിപ്പോർട്ട് കഴിഞ്ഞാഴ്ച യു.എസ് ഭരണകൂടത്തിന് സമർപ്പിക്കപ്പെട്ടെന്നാണ് മാദ്ധ്യമ റിപ്പോർട്ട്. എന്നാൽ യുക്രെയിൻ സർക്കാരിന്റെ ഏത് വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല.
പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയ്ക്ക് ആക്രമണത്തെ പറ്റി അറിവുണ്ടായിരുന്നോ എന്നും വ്യക്തമല്ല. രാഷ്ട്രീയ കൊലപാതകങ്ങൾ റഷ്യൻ സേനയെ തുരത്താനുള്ള യുക്രെയിന്റെ ശ്രമങ്ങളെ സഹായിക്കില്ലെന്നും അവ റഷ്യൻ ആക്രമണങ്ങളുടെ തീവ്രത കൂട്ടുമെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പരാമർശിക്കുന്നു. അതേ സമയം, ഡാരിയ ഡുഗിന വധത്തിന് പിന്നിൽ തങ്ങളല്ലെന്ന് യുക്രെയിൻ അധികൃതർ റിപ്പോർട്ടിനോട് പ്രതികരിച്ചു. ഇന്റലിജൻസ് റിപ്പോർട്ട് സംബന്ധിച്ച വാർത്തയോട് യു.എസ് നാഷണൽ സെക്യൂരിറ്റി കൗൺസിലും പ്രതിരോധ വകുപ്പും പ്രതികരിക്കാൻ തയാറായില്ല.
നതാലിയ എവിടെ ?
യുക്രെയിൻ അധിനിവേശത്തിന് പുട്ടിന് മാർഗ നിർദ്ദേശം നൽകിയ ' ആത്മീയ ആചാര്യനും" യുക്രെയിൻ അധിനിവേശത്തിന്റെ ശില്പിയുമായ അലക്സാണ്ടർ ഡുഗിന്റെ ഏക മകളാണ് ഡാരിയ. ' വ്ലാഡിമിർ പുട്ടിന്റെ തലച്ചോർ", ' പുട്ടിന്റെ റാസ്പുട്ടിൻ " എന്നൊക്കെയാണ് അലക്സാണ്ടർ അറിയപ്പെടുന്നത്. ആഗസ്റ്റ് 20ന് രാത്രി 9 മണിയോടെയായിരുന്നു ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെ ഡാരിയ സഞ്ചരിച്ചിരുന്ന ടൊയോട്ട ലാൻഡ് ക്രൂസർ ബൊൾഷിയെ വ്യാസെമി ഗ്രാമത്തിന് സമീപം പൊട്ടിത്തെറിച്ചത്. ഡാരിയ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു.
ഡുഗിന്റെ കാറിലായിരുന്നു ഡാരിയ സഞ്ചരിച്ചിരുന്നത്. ഡാരിയയ്ക്കൊപ്പം പരിപാടിയിൽ ഡുഗിൻ പങ്കെടുത്തെങ്കിലും ഡാരിയ കാറുമായി ആദ്യം ഇറങ്ങിയതിനാൽ ഏതാനും മിനിറ്റുകൾക്ക് ശേഷം മറ്റൊരു കാറിൽ ഡുഗിൻ പുറപ്പെടുകയായിരുന്നു. ഇതോടെ അലക്സാണ്ടർ ഡുഗിനെ ലക്ഷ്യമിട്ടായിരിക്കാം ആക്രമണം നടത്തിയതെന്ന സംശയം ഉയർന്നു.
നതാലിയ പവ്‌ലോവ്‌ന വൊവ്‌ക് ( 43 ) വഴി യുക്രെയിൻ സ്പെഷ്യൽ സർവീസസ് കുറ്റകൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്ന് റഷ്യ ആരോപിച്ചു. ഡാരിയ താമസിച്ചിരുന്ന അതേ ബിൽഡിംഗിലെ ഒരു അപ്പാർട്ട്‌മെന്റിൽ നതാലിയ താമസമാക്കിയെന്ന് കണ്ടെത്തി.
ഡാരിയയുടെ ജീവിതത്തെയും രീതികളെയും പറ്റി വിവരങ്ങൾ ചോർത്തിയ ഇവർ കൊല നടന്ന ദിവസം ഡാരിയ പങ്കെടുത്ത സാഹിത്യ - സംഗീത ഫെസ്റ്റിവലിലും പങ്കെടുത്തു. ഡാരിയ സഞ്ചരിച്ചിരുന്ന കാറിനെ നിയന്ത്രിത സ്ഫോടനത്തിന് വിധേയമാക്കിയ ശേഷം ഇവർ എസ്റ്റോണിയയിലേക്ക് കടന്നെന്നാണ് റഷ്യ പറയുന്നത്. ഇവർ ഇപ്പോൾ എവിടെയെന്ന് വ്യക്തമല്ല.