വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിക്കാൻ ബൈഡൻ

Thursday 06 October 2022 6:18 AM IST

വാഷിംഗ്ടൺ: യു.എസിൽ പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിൽ ഇത്തവണ വൈ​റ്റ് ഹൗസിൽ ദീപാവലി ആഘോഷങ്ങൾ നടക്കും. വൈ​റ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ഷോൺ - പിയറാണ് ഇക്കാര്യമറിയിച്ചത്.

' കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും ദീപാവലി ആഘോഷിക്കാൻ ബൈഡൻ തീരുമാനിച്ചു. തീയതി ഇപ്പോൾ പറയാറായിട്ടില്ല. ഇന്ത്യയുമായും ഇന്ത്യൻ അമേരിക്കൻ വംശജരുമായുള്ള പങ്കാളിത്തത്തിന് ബൈഡൻ വളരെ പ്രാധാന്യം നൽകുന്നതിനാൽ ഈ ആഘോഷം വളരെ പ്രധാനപ്പെട്ടതാണ്. "

കരീൻ ഷോൺ - പിയർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. അതേ സമയം, ആഘോഷത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ജോർജ് ബുഷ് പ്രസിഡന്റായിരിക്കെയാണ് വൈ​റ്റ് ഹൗസിൽ ദീപാവലി ആഘോഷിക്കുന്ന സമ്പ്രദായത്തിന് തുടക്കമിട്ടത്.

പിൻഗാമികളായ ബറാക് ഒബാമയും ഡൊണാൾഡ് ട്രംപും എല്ലാവർഷവും ഈ പതിവ് പിൻതുടരുകയായിരുന്നു. അതേ സമയം, യു.എസ് സ്റ്റേറ്റായ മേരിലാൻഡിൽ ഗവർണർ ലോറൻസ് ഹോഗൻ ഒക്ടോബറിനെ ഹിന്ദു പൈതൃക മാസമായി പ്രഖ്യാപിച്ചിരുന്നു.