ഒരേ വിമാനത്തിലെത്തിയ മൂന്ന് പേർ മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചപ്പോൾ നാലാമൻ പരീക്ഷിച്ചത് പുതിയ രീതി, നെടുമ്പാശേരിയിൽ ഒന്നരക്കോടിയുടെ സ്വർണ ചാകര

Thursday 06 October 2022 9:42 AM IST

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നാല് യാത്രക്കാരിൽ നിന്നായി ഒന്നരക്കോടി രൂപയുടെ അനധികൃത സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. പിടിയിലായവരെല്ലാം ഇന്നലെ പുലർച്ചെ ദുബായിയിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരാണ്.

കോഴിക്കോട് സ്വദേശിയിൽ നിന്ന് 1783 ഗ്രാം സ്വർണവും മലപ്പുറം സ്വദേശിയിൽ നിന്ന് 1140 ഗ്രാമുമാണ് കണ്ടെടുത്തത്. കാസർകോട് സ്വദേശിയായ ഒരാളിൽ നിന്ന് പേസ്റ്റ് രൂപത്തിലാക്കിയ 117 ഗ്രാം സ്വർണവും പിടിച്ചെടുത്തു.

മറ്റൊരാളിൽ നിന്ന് പൊടിരൂപത്തിലാക്കി ബേസ് ബോർഡ് പെട്ടിയിലൊളിപ്പിച്ച് കടത്തിയ 200 ഗ്രാം സ്വർണം പിടികൂടി. ആദ്യമായാണ് ഇത്തരത്തിൽ സ്വർണം കൊണ്ടുവരുന്നത്. ആദ്യത്തെ മൂന്നുപേരും മലദ്വാരത്തിലും അടിവസ്ത്രത്തിനകത്തും സ്വർണം പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ചാണെത്തിച്ചത്. തിരിച്ചറിയാതിരിക്കാൻ അടിവസ്ത്രത്തിൽ പ്രത്യേക മാസ്‌ക് പിടിപ്പിച്ചിരുന്നു. 24 മണിക്കൂറിനിടെയാണ് ഒന്നരക്കോടിയുടെ സ്വർണം വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടുന്നത്.

Advertisement
Advertisement