തായ്‌ലാൻഡിലെ ഡേ കെയറിൽ വെടിവയ്പ്പ്, രണ്ടുവയസുകാരിയും എട്ടുമാസം ഗർഭിണിയും ഉൾപ്പടെ 34 മരണം

Thursday 06 October 2022 3:38 PM IST

ബാങ്കോക്ക്: തായ്‌ലാൻഡിലെ ഡേ- കെയർ സെന്ററിൽ നടന്ന വെടിവയ്പ്പിൽ 34 പേർ കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ മുൻ പൊലീസുകാരനായ പ്രതി ഭാര്യയെയും കുഞ്ഞിനെയും വെടിവച്ച് കൊലപ്പെടുത്തിയതിന് ശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ഇന്ന് ഉച്ചയോടെ തായ്‌ലാൻഡിലെ വടക്കുകിഴക്കൻ പ്രവിശ്യയായ നോംഗ് ബ്വാ ലംഫുവിലെ ഉത്തായ് സവാൻ നഗരത്തിലെ ഡേ കെയറിലാണ് കൂട്ടക്കൊല നടന്നത്.

അക്രമി എത്തുമ്പോൾ മുപ്പതോളം കുട്ടികളാണ് ഡേ കെയറിൽ ഉണ്ടായിരുന്നത്. മഴയായിരുന്നതിനാൽ പതിവിലും കുറവ് കുട്ടികളാണ് എത്തിയത്. എട്ടുമാസം ഗ‌ർഭിണിയായിരുന്ന യുവതിയടക്കം നാല് ജീവനക്കാരെയാണ് അക്രമി ആദ്യം വെടിവച്ചത്. പിന്നാലെ കുട്ടികൾ ഉറങ്ങികിടക്കുകയായിരുന്ന മുറിയിലേയ്ക്ക് കയറി കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നു. രണ്ടുവയസുള്ള കുട്ടികൾ ഉൾപ്പെട്ടെ 22 കുട്ടികൾ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായി പൊലീസ് അറിയിച്ചു.

ലഹരി മരുന്നുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷമാണ് ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. സംഭവത്തെത്തുടർന്ന് പൊലീസ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ കുടുംബത്തെ വകവരുത്തിയതിന് ശേഷം ജീവനൊടുക്കിയത്.