അയൽവാസി വിചാരിച്ചാൽ നിങ്ങളുടെ കാർ ഇങ്ങനെ പോകും, ആദ്യ രണ്ട് ദിവസത്തിൽ ലഭിച്ചത് 2000 പരാതികൾ

Thursday 06 October 2022 4:35 PM IST

പൊതുസ്ഥലങ്ങൾ അപഹരിച്ച് പഴയതും ഉപയോഗിക്കാത്തതുമായ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരെ കണ്ടെത്താൻ ഡൽഹി ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് നടപ്പിലാക്കിയ പദ്ധതി വമ്പൻ വിജയം. പൊതുജനങ്ങൾക്ക് പരാതി പറയുവാനായി ഒരു നമ്പർ നൽകുകയാണ് ചെയ്തത്. നമ്പർ നൽകി രണ്ട് ദിവസത്തിനകം രണ്ടായിരം പരാതികളാണ് ലഭിച്ചത്. വാട്സാപ്പ് നമ്പരിൽ ചിത്രങ്ങളും അയക്കാനാവും.

നഗരത്തിലെ റസിഡന്റ് വെൽഫെയർ, മാർക്കറ്റ് അസോസിയേഷനുകളിൽ നിന്ന് ഡൽഹി സർക്കാരിന് പരാതി ലഭിച്ചിട്ടുണ്ട്. പാർക്ക് ചെയ്ത പഴയ വാഹനങ്ങളെക്കുറിച്ചുള്ള പരാതികളാണ് അധികവും. ലഭിച്ച പരാതിയിലെ വാഹനങ്ങളുടെ നമ്പർ ഡാറ്റാബേസിൽ പരിശോധിക്കുകയാണ് ആദ്യം ചെയ്യുന്നത്.


ഡൽഹിയിലെ റോഡുകളിൽ വാഹനങ്ങൾ ഓടിക്കാനുള്ള കാലാവധി കഴിഞ്ഞ വാഹനങ്ങളാവും ആദ്യം പിടിച്ചെടുക്കുക. ഇത്തരത്തിൽ 25 ലക്ഷത്തിലധികം പഴയ വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വാഹനം പിടിച്ചെടുക്കാനായി ഒരു സംഘത്തെ നിയോഗിക്കുകയും, പിടിച്ചെടുക്കുന്ന വാഹനങ്ങൾ പൊളിക്കുന്നതിനായി ഉടൻ സ്‌ക്രാപ്യാർഡിന് കൈമാറുകയും ചെയ്യും. നിലവിൽ ഡൽഹിയിൽ അഞ്ച് അംഗീകൃത സ്‌ക്രാപ്പ് യാർഡുകളുണ്ട്. എന്നാൽ 2021 മേയ് 31 വരെ 2,879 വാഹനങ്ങൾ മാത്രമാണ് സ്‌ക്രാപ്പ് ചെയ്തത്.

ഡൽഹിയിൽ പത്ത് വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിലെ വർദ്ധിച്ചുവരുന്ന വായു മലിനീകരണമാണ് നിയമങ്ങൾ ശക്തമാക്കാൻ അധികാരികളെ പ്രേരിപ്പിക്കുന്നത്. ഇതിനൊപ്പം ഡൽഹി സർക്കാർ റീ രജിസ്‌ട്രേഷൻ നിരക്കും വർദ്ധിപ്പിച്ചിട്ടുണ്ട്.