കേരള പോലീസിന് പോപ്പുലർ ഫ്രണ്ടുമായി ബന്ധം, റിപ്പോർട്ട് തള്ളി എൻ ഐ എ

Thursday 06 October 2022 7:31 PM IST

ന്യൂഡൽഹി: കേരള പൊലീസ് ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന റിപ്പോർട്ട് തള്ളി എൻ ഐ എ. കേരള പൊലീസിലുള്ളവർക്ക് നിരോധിത സംഘടന ആയ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളതായി എൻ ഐ എ കണ്ടെത്തിയതായും, ഇതിന്റെ വവരങ്ങളടങ്ങിയ റിപ്പോർട്ട് കേരള പൊലീസിന് എൻ ഐ എ കൈമാറിയെന്നും ആയിരുന്നു ആരോപണമുയർന്നത്. എന്നാലിത് പാടേ നിഷേധിച്ച എൻ ഐ എ കേരള പൊലീസിനോട് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതായി അറിയിച്ചു.

പോപ്പുലർ ഫ്രണ്ട് ബന്ധത്തെത്തുടർന്ന് 45 പേരെ കേന്ദ്ര ഏജൻസി തടവിലാക്കിയിരുന്നു. ഇതിൽ ഡൽഹിയിൽ എ എൻ ഐ ഫയൽ ചെയ്ത് കേസുകളിൽപ്പെടുന്ന 19 പേരിൽ 16 പേരെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. ബാക്കി മൂന്ന് പേർ ഒക്ടോബർ 10 വരെ എൻ ഐ എ കസ്റ്റഡിയിൽ തുടരും. വിദേശ തീവ്രവാദ സംഘടനകളുമായുള്ള ബന്ധം, കലാപശ്രമം, കൊലപാതകം, കണക്കിൽപ്പെടാത്ത വിദേശനാണ്യ ഇടപാടുകൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് പോപ്പുലർ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച് കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെപ്തംബർ 28ന് ഉത്തരവിറക്കിയത്.

Advertisement
Advertisement