കാലിക്കൂട്ടമിടിച്ച് വന്ദേഭാരത് എക്‌സ്‌പ്രസിന്റെ എൻജിൻ തകർന്നു
Friday 07 October 2022 1:50 AM IST
അഹമ്മദാബാദ്: കഴിഞ്ഞയാഴ്ച ഓടിത്തുടങ്ങിയ ഗാന്ധിനഗർ - മുംബയ് വന്ദേഭാരത് എക്‌സ്‌പ്രസിൽ കാലിക്കൂട്ടമിടിച്ച് എൻജിന്റെ മുൻഭാഗം തകർന്നു. ഇന്നലെ രാവിലെ 11.20ന് ഗുജറാത്തിലെ മണിനഗർ വട്‌വ സ്റ്റേഷനുകൾക്കിടയിലായിരുന്നു അപകടം.
മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചിരുന്ന ട്രെയിൻ പാളത്തിലുണ്ടായിരുന്ന കന്നുകാലികളെ ഇടിക്കുകയായിരുന്നു. നാല് പോത്തുകൾ അപകടത്തിൽ ചത്തെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. അപകടത്തെ തുടർന്ന്ന സർവീസ് താത്കാലികമായി നിറുത്തിവച്ചെങ്കിലും പിന്നീട് പുനഃരാരംഭിച്ചു. സംഭവത്തിന് പിന്നാലെ കന്നുകാലികളെ റെയിൽവേ പാളത്തിന് സമീപം അശ്രദ്ധമായി അഴിച്ചുവിടരുതെന്ന് പ്രദേശവാസികൾക്ക് നിർദ്ദേശം നൽകി. സെപ്തംബർ 30നാണ് ഗാന്ധിനഗർ - മുംബയ് വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിൻ സർവീസ് പ്രധാനമന്ത്രി ഫ്ളാഗ് ഒഫ് ചെയ്തത്.