ഗാംബിയയിലെ 66 കുട്ടികളുടെ മരണം: നാല് മരുന്നുകളെ കുറിച്ച് അന്വേഷിക്കും

Friday 07 October 2022 12:11 AM IST

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന നാല് ഇന്ത്യൻ കമ്പനികളുടെ ചുമയ്‌ക്കുള്ള മരുന്നുകളെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഹരിയാനയിലെ മെയ്ഡിൻ ഫാർമസ്യൂട്ടികൽസിയുടെ പ്രൊമെതാസിൻ ഓറൽ സൊലൂഷൻ, കൊഫെക്‌സ്‌മാലിൻ ബേബി കഫ് സിറപ്പ്, മേക്കോഫ് ബേബി കഫ് സിറപ്പ്, മാഗ് ഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നിവയ്ക്കെതിരെയാണ് അന്വേഷണം. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.

കുട്ടികളുടെ മരണ കാരണം മരുന്നുകളിലെ വിഷ രാസവസ്‌തുക്കൾ മൂലമാകാമെന്ന് ഡബ്ലിയു.എച്ച്.ഒ മേധാവി ടെഡ്രോസ് അഥനോ വ്യക്തമാക്കിയിരുന്നു. വൃക്ക തകരാറിലായതിനെ തുടർന്നാണ് കുട്ടികൾ മരിച്ചത്. ലോകാരോഗ്യ സംഘടന ഡ്രഗ്സ് കൺട്രോൾ ഒഫ് ഇന്ത്യയ്‌ക്ക് സെപ്‌തംബർ 29ന് തന്നെ കഫ് സിറപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു. ഇതിനെ തുടർന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഹരിയാന റെഗുലേറ്ററി അതോറിട്ടിയുമായി ബന്ധപ്പെട്ടിരുന്നു.

ഡയാത്തൈലീൻ ഗ്ലൈക്കോൾ, ഈതൈലിൻ ഗ്ലൈക്കോൾ എന്നീ രാസഘടകങ്ങൾ നാല് മരുന്നുകളിലും അമിതമായ തോതിൽ അടങ്ങിയിരിക്കുന്നതായി രാസപരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്നും കമ്പനിയെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

മറ്റ് രാജ്യങ്ങളിലും ഈ മരുന്നുകൾ വിതരണം ചെയ്തതായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ട്രെഡോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു. ഈ മരുന്നുകൾ കൈവശമുള്ള രാജ്യങ്ങൾ വിതരണം നിറുത്തിവയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ മരണത്തെക്കുറിച്ച് ഗാംബിയൻ സർക്കാരും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.