ഇറക്കുമതി പെട്രോളിന്  ടാറ്റ പറയാൻ രാജ്യം, കഴിഞ്ഞ മാസം  ഇലക്ട്രിക് വാഹന വിൽപ്പനയിൽ വമ്പൻ കുതിപ്പ്,  കണക്കുകൾ പുറത്ത് 

Friday 07 October 2022 10:17 AM IST

കൊച്ചി: ഉത്സവകാലത്തിന്റെ പിൻബലത്തിൽ വാഹനവിപണിയാകെ കഴിഞ്ഞമാസം മികച്ച നേട്ടംകൊയ്തപ്പോൾ ഇലക്ട്രിക് വാഹനങ്ങളും കാഴ്ചവച്ചത് റെക്കാഡ് മുന്നേറ്റം. സെപ്തംബറിൽ എല്ലാ ശ്രേണികളിലുമായി ആകെ 91,568 ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇത് എക്കാലത്തെയും ഉയർന്ന പ്രതിമാസ വില്പനയാണ്.

ആഗസ്റ്റിലെ 86,066 യൂണിറ്റുകളേക്കാൾ 6 ശതമാനവും 2021 സെപ്തംബറിനേക്കാൾ 167 ശതമാനവും അധികമാണിത്. 2022ലുടനീളം ഇലക്ട്രിക് വാഹനവില്പന മികച്ച നേട്ടമാണ് കുറിച്ചത്; ഏപ്രിലിലും മേയിലും മാത്രം തിരിച്ചടി നേരിട്ടു. ഇലക്ട്രിക് ടൂവീലറുകളിലെ ബാറ്ററി പൊട്ടിത്തെറി സംഭവങ്ങൾ സൃഷ്ടിച്ച ആശങ്കയാണ് ആ മാസങ്ങളിൽ തിരിച്ചടിയായത്.

മാർച്ചിൽ 50,764 ഇടൂവീലറുകൾ വിറ്റഴിക്കപ്പെട്ടിരുന്നു. മേയിൽ ഇത് 40,089ലേക്ക് കൂപ്പുകുത്തി. പിന്നീട്, കഴിഞ്ഞമാസമാണ് വീണ്ടും 50,000 യൂണിറ്റുകൾ കടന്നത്. സെപ്തംബറിലെ വില്പന 51,754 യൂണിറ്റുകൾ.

മുന്നിൽ ഒല ഇലക്ട്രിക്

9,600 യൂണിറ്റുകളുമായി സെപ്തംബറിൽ ഒല ഇലക്ട്രിക് ഏറ്റവും ഉയർന്ന വില്പനനേട്ടം രേഖപ്പെടുത്തി. ഒകിനാവ (8,200 യൂണിറ്റുകൾ) രണ്ടാമതും ഹീറോ ഇലക്ട്രിക് (8,000 യൂണിറ്റുകൾ ) മൂന്നാമതുമാണ്.

6%
മൊത്തം വാഹനവില്പനയിൽ ഇ വാഹനങ്ങളുടെ വിഹിതം ആദ്യമായി ആറ് ശതമാനം കടന്നു.

കാറുകളിൽ ടാറ്റ

4,239 ഇലക്ട്രിക് കാറുകളാണ് കഴിഞ്ഞമാസം വിറ്റഴിഞ്ഞത്. ആഗസ്റ്റിനേക്കാൾ രണ്ട് ശതമാനം കുറവാണിത്; എന്നാൽ 2021 സെപ്തംബറിനേക്കാൾ 2.5 ശതമാനം അധികവുമാണ്. മൊത്തം ഇകാർ വില്പനയിൽ 80 ശതമാനവും ടാറ്റയുടെ മോഡലുകളാണ്.

ഉണർവിന്റെ ഉത്സവമേളം

എല്ലാ ശ്രേണികളിലുമായി കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തിയത് 14.61 ലക്ഷം വാഹനങ്ങളാണെന്ന് ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് (ഫാഡ) വ്യക്തമാക്കി. 2021 സെപ്തംബറിലെ റീട്ടെയിൽ വില്പന 13.19 ലക്ഷമായിരുന്നു; ഇക്കുറി വർദ്ധന 10.94 ശതമാനം.

വിവിധശ്രേണികളുടെ വില്പന നേട്ടം:

ടൂവീലർ : 9.02%

3 വീലർ : 71.94%

കാർ : 9.71%

വാണിജ്യം : 18.87%

ട്രാക്ടർ : 1.49%

മൊത്തം : 10.94%

ഹോണ്ടയും മാരുതിയും

ടൂവീലറുകളിൽ 27.98 ശതമാനം വിപണിവിഹിതവുമായി ഹോണ്ടയാണ് മുന്നിൽ. കാറുകളിൽ മാരുതി സുസുക്കി (39.88 ശതമാനം). ത്രീവീലറിൽ ബജാജ് ഓട്ടോ (30.47 ശതമാനം), വാണിജ്യ വാഹനങ്ങളിൽ ടാറ്റ (40.17 ശതമാനം), ട്രാക്ടറിൽ മഹീന്ദ്ര (22.91 ശതമാനം).

നേട്ടത്തിന്റെ ട്രാക്ക്

സെമികണ്ടക്ടർ (ചിപ്പ്) ക്ഷാമം കുറഞ്ഞതും പുത്തൻ ലോഞ്ചുകളും ഫീച്ചർ സമ്പന്നമായ പുതിയ മോഡലുകളുമാണ് വാഹനവിപണിക്ക് ഉണർവാകുന്നതെന്ന് ഫാഡ ചൂണ്ടിക്കാട്ടി.

Advertisement
Advertisement