കിയ സോണറ്റിനും അർബൻ ക്രൂയിസറിനുമെല്ലാം പണിവരുന്നുണ്ട്; എക്‌സ്‌യുവി 300 സബ്കോംപാ‌ക്‌ട് പതിപ്പ് പുറത്തിറക്കി മഹീന്ദ്ര

Friday 07 October 2022 1:40 PM IST

രാജ്യത്ത് വിപണിയിലുള‌ള സബ്‌കോംപാക്‌ട് എസ്‌യുവികളിൽ മികച്ചവയാണ് ടാറ്റയുടെ നെക്‌സണും മാരുതി സുസുകി ഗ്രാന്റ് വിറ്റാരയുമൊക്കെ. ഇവയ്‌ക്കൊപ്പം തന്നെ ഒട്ടും മോശമല്ലാത്ത സ്ഥാനമാണ് മഹീന്ദ്രയുടെ എക്‌സ്‌യു‌വി 300നുമുള‌ളത്. ഇന്ത്യൻ വാഹന വിപണിയിലെ ഈ കരുത്തന് ഇപ്പോഴിതാ കൂടുതൽ ശക്തമായ ടർബോ പെട്രോൾ പതിപ്പ് പുറത്തിറക്കുകയാണ് മഹീന്ദ്ര. മൂന്ന് ട്രിം ഓപ്‌ഷനുകളിലായി മഹീന്ദ്ര എ‌ക്‌സ്‌യു‌വി 300 ടർബോ സ്‌പോർട്ട് W6,W8,W8(0) എന്നിങ്ങനെ പേരിലാകും ഇവ ഇറങ്ങുക. 10.35 ലക്ഷം മുതൽ 12.90 ലക്ഷം വരെയാകും എക്‌സ് ഷോറൂം വില. പുതിയ 1.2 ലിറ്റർ mStallion TGDi എഞ്ചിനിലുള‌ള ആദ്യ മഹീന്ദ്ര എസ്‌യുവിയാണിത്.

എം‌സ്‌റ്റാലിയൻ ടിജിഡിഐ എഞ്ചിൻ ഫാമിലിയിൽ ഇതുവരെ 2.0 ലിറ്റർ നാല് സിലിണ്ടർ എഞ്ചിനുകൾ മാത്രമേ ഉൾപ്പെട്ടിട്ടുള‌ളു. ഥാർ, എക്‌സ്‌യുവി 700,സ്‌കോർപിയോ എൻ എന്നിവയാണ് ഇതുവരെ ഈ എഞ്ചിനിൽ പുറത്തുവന്നിട്ടുള‌ളത്. മൂന്ന് കളർ ഓപ്‌ഷനിലാണ് എക്‌സ്‌യുവി 300 എത്തുന്നത്. ബ്ളേസിംഗ് ബ്രോൺസ്, പേൾ വൈറ്റ്, നാപോളി ബ്ളാക്ക് എന്നിങ്ങനെയും ഡ്യുവൽ ടോൺ ഓപ്‌ഷനിലും ഇവ ലഭ്യമാണ്.

5000 ആർപിഎമ്മിൽ 128 ബിഎച്ച്പി പവറും 1500-3750 ആർപിഎമ്മിൽ 230എൻ‌എം പരമാവധി ടോർക്കും നൽകുന്ന എഞ്ചിനാണ് എക്‌സ്‌യുവി 300ന്. ടോർക്ക് ഔട്ട്‌പുട്ട് 250എൻ‌എം വരെ ഉയർത്താനും സാധിക്കും. 0 മുതൽ 60 വരെ വേഗം കൈവരിക്കാൻ വെറും അഞ്ച് സെക്കന്റ് മതി. 6 സ്‌പീഡ് മാനുവൽ ഗിയർബോക്‌സാണ് ഇതിനുള‌ളത്.

ഇന്ത്യൻ നാഷണൽ റാലിയിലെ ചാമ്പ്യനായ മഹീന്ദ്രയുടെ സൂപ്പർ എക്‌സ്‌യുവി300ൽ നിന്നും പ്രചോദനം ഉൾക്കാണ്ടാണ് മഹീന്ദ്ര എ‌ക്‌സ്‌യു‌വി 300 ടർബോ സ്‌പോർട് പുറത്തിറക്കിയത്. സൂപ്പർ എക്‌സ്‌യുവിൽ നിന്നും വ്യത്യസ്‌തമായി വിവിധ സ്‌റ്റൈലിഷ് അഡീഷനോടെയാണ് എന്നാൽ മഹീന്ദ്ര എ‌ക്‌സ്‌യു‌വി 300 ടർബോസ്‌പോർട് എത്തുന്നത്. ഗ്രില്ലിലും ബമ്പറിലുമുള‌ള ചുവന്ന അക്‌സന്റുകൾ, പിയാനോ ബ്ളാക്ക് ഫിനിഷ്, 16 ഇഞ്ച് ഡയമണ്ട് കട്ട് വീലുകൾ, ഡ്യുവൽ ടോൺ എക്‌സ്‌റ്റീരിയർ ഓപ്‌ഷനുകൾ എന്നിവ ഇവയുടെ പ്രത്യേകതകളാണ്.

പ്രീമിയം ലെതറിലുള‌ള അപ്‌ഹോൾസ്‌റ്ററി, പുഷ് ബട്ടൺ സ്‌റ്റാ‌ർട്ടോടുകൂടിയുള‌ള പാസീവ് കീ ലെസ് എൻട്രി, ആപ്പിൾ കാർ പ്ളേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള‌ള ഏഴിഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്‌റ്റം എന്നിവ എക്‌സ്‌യുവി 300ലുണ്ട്. ചുവന്ന അക്‌സന്റും ക്രോം ഫിനിഷ് പെഡലുമുള‌ള കറുത്ത ഇന്റീരിയറും ആന്റി പിഞ്ച് ഫംഗ്‌ഷനോടുകൂടിയ സൺറൂഫും ഡ്യുവൽ സോൺ ഓട്ടോമാറ്റിക് എയർ കോൺ സിസ്‌റ്റം, റെയിൻ സെൻസിംഗ് വൈപ്പർ, ഓട്ടോ ഹെഡ്‌ലാമ്പുകൾ എന്നിവയും മഹീന്ദ്ര എക്‌സുയുവി 300 ടർബോ സ്‌പോർടിൽ നൽകിയിരിക്കുന്നു.

Advertisement
Advertisement