ഭാരത് ജോഡോ യാത്രയ്‌ക്കിടെ ശിവകുമാറിനെ ഇ.ഡി ചോദ്യം ചെയ്തു

Saturday 08 October 2022 1:28 AM IST

ന്യൂഡൽഹി: നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ. ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഡൽഹിയിൽ ചോദ്യം ചെയ്‌തു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കർണാടകയിൽ പുരോഗമിക്കുന്നതിനിടെയാണ് ചോദ്യം ചെയ്യൽ. നാഷണൽ ഹെറാൾഡ് ഏറ്റെടുത്ത യംഗ് ഇന്ത്യക്ക് സംഭാവന നൽകിയതിന്റെ വിശദാംശങ്ങളറിയാനാണ് ശിവകുമാറിനെയും സഹോദരനും എം.പിയുമായ ഡി.കെ. സുരേഷിനെയും ചോദ്യം ചെയ്തത്.

അതേസമയം ഭാരത് ജോഡോ യാത്ര കർണാടകയിലൂടെ കടന്നുപോകുന്നതിനാൽ 23 വരെ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ശിവകുമാറിന്റെ ആവശ്യം ഇ.ഡി തള്ളിയിരുന്നു. എന്നാൽ ഇന്നലെ തന്നെ ഹാജരാകണമെന്ന് ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ കുൽദീപ് സിംഗ് നോട്ടീസ് അയച്ചതുകൊണ്ടാണ് യാത്രയ്‌ക്കിടെ വരേണ്ടി വന്നതെന്ന് ശിവകുമാർ പറഞ്ഞു. ആവശ്യപ്പെട്ട രേഖകൾ നൽകിയെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബർ 19നും ഡൽഹിയിലെ ഇ.ഡി ഓഫീസിൽ ശിവകുമാറിനെ അഞ്ച് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു.

Advertisement
Advertisement