യുക്രെയിൻ യുദ്ധത്തിൽ സമാധാന നോബൽ വസന്തം

Friday 07 October 2022 11:44 PM IST

സ്റ്റോക്ക്‌ഹോം : യുക്രെയിനെ ആക്രമിക്കാൻ കൈകോർത്ത റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ഉറ്റ തോഴനായ ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോയ്‌ക്കും തിരിച്ചടിയായി ഇക്കൊല്ലത്തെ സമാധാന നോബൽ പ്രഖ്യാപനം.

ലുകാഷെൻകോ ജയിലിലടച്ച ബെലാറൂസ് മനുഷ്യാവകാശ പ്രവർത്തകൻ എയ്ൽസ് ബിയാലിയാ​റ്റ്സ്‌കിക്കും പുട്ടിൻ അടച്ചു പൂട്ടിയ മെമ്മോറിയൽ, യുക്രെയിനിലെ സെന്റർ ഫോർ സിവിൽ ലിബർ​ട്ടീസ് എന്നീ മനുഷ്യാവകാശ സംഘടനകൾക്കുമാണ് സമാധാന നോബൽ. യുദ്ധക്കുറ്റങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ, അധികാര ദുർവിനിയോഗം എന്നിവയ്ക്കെതിരെ ശബ്ദമുയർത്തിയതിനും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങൾക്കും വേണ്ടി പോരാടിയതിനുമാണ് അംഗീകാരമെന്ന് നോർവീജിയൻ നോബൽ കമ്മിറ്റി മേധാവി ബെറിറ്റ് റീസ് ആൻഡേഴ്‌സൺ മാദ്ധ്യമങ്ങളോട് പറഞ്ഞു. റഷ്യ - യുക്രെയിൻ സംഘർഷ മേഖലയിലേക്ക് സമാധാന നോബൽ എത്തുന്നതും എതിർ ശബ്ദമുയർത്തിയവർക്ക് പുട്ടിന്റെ എഴുപതാം ജന്മദിനത്തിൽ തന്നെ പുരസ്കാരം പ്രഖ്യാപിച്ചതും ശക്തമായ സന്ദേശമായി.

എയ്ൽസ് ബിയാലിയാ​റ്റ്സ്‌കി ( 60)

ബെലാറൂസിലെ ജനാധിപത്യ പോരാട്ടങ്ങളുടെ മുഖ്യ ശില്പി

1996ൽ ബെലാറൂസിൽ 'വിയസ്‌ന' എന്ന മനുഷ്യാവകാശ സംഘടന സ്ഥാപിച്ചു. വിയസ്‌ന എന്നാൽ വസന്തം എന്നർത്ഥം.

ഭരണകൂട വിരുദ്ധ പോരാട്ടങ്ങളുടെ പേരിൽ 2011ൽ ആദ്യം ജയിലിലായി

കഴിഞ്ഞ വർഷം കുറ്റങ്ങളൊന്നും ചുമത്താതെ വീണ്ടും ജയിലിലടച്ചു

എയ്ൽസ് ഉൾപ്പെടെ 1348 പേരെ രാഷ്‌ട്രീയ തടവുകാരാക്കിയെന്ന് വിയസ്‌ന

എയ്ൽസിനെ മോചിപ്പിക്കണമെന്ന് നോബൽ അധികൃതർ.

മെമ്മോറിയൽ

റഷ്യയിലെ ഏറ്റവും പഴക്കമുള്ള മനുഷ്യാവകാശ ഗ്രൂപ്പ്

1980കളിൽ സമാധാന നോബൽ ലഭിച്ച ആന്ദ്രേ സഖറോവ് സംഘടനയെ നയിച്ചു

സ്റ്റാലിന്റെ ഏകാധിപത്യത്തിൽ ഗുലാഗ് ക്യാമ്പുകൾ എന്ന് കുപ്രസിദ്ധമായ തടവറകളിൽ ക്രൂരമായ അടിപ്പണിക്ക് നിർബന്ധിതരായി 18ലക്ഷം ജനങ്ങൾ കൊല്ലപ്പെട്ടതിന്റെ ഭീകര ചിത്രം പുറത്തുകൊണ്ടുവന്നത് മെമ്മോറിയലിന്റെ പ്രവർത്തനങ്ങളാണ്.

റഷ്യൻ റിപ്പബ്ലിക്കായ ചെച്‌നിയയിലെ മനുഷ്യാവകാശ ധ്വംസനങ്ങളും പീഡനങ്ങളും പുറത്തുകൊണ്ടുവന്നു

2009ൽ മെമ്മോറിയലിന്റെ ചെച്ൻ ശാഖയുടെ മേധാവി നതാലിയ എസ്റ്റെമിറോവ കൊല്ലപ്പെട്ടു

2021ൽ റഷ്യൻ സുപ്രീംകോടതി മെമ്മോറിയൽ പൂട്ടാൻ ഉത്തരവിട്ടു.

ഓഫീസുകൾ പൂട്ടിയെങ്കിലും മനുഷ്യാവകാശ പ്രവർത്തനങ്ങൾ തുടരുന്നു

സെന്റർ ഫോർ സിവിൽ ലിബർട്ടീസ്

2007ൽ യുക്രെയിൻ തലസ്ഥാനമായ കീവിൽ രൂപീകരിക്കപ്പെട്ടു

റഷ്യ പിടിച്ചെടുത്ത ക്രിമിയയിലെ രാഷ്‌ട്രീയ അടിച്ചമർത്തലും കിഴക്കൻ യുക്രെയിനിലെ റഷ്യൻ പിന്തുണയുള്ള വിമതരുടെ ക്രൂരതകളും പുറത്തു കൊണ്ടുവന്നു

ഇപ്പോൾ യുക്രെയിനിൽ റഷ്യൻ സേനയുടെ അടിച്ചമർത്തലിനെതിരെ പോരാടുന്നു

പുട്ടിനെയും ലുകാഷൻകോയെയും യുദ്ധക്കുറ്റങ്ങൾക്ക് വിചാരണ ചെയ്യണമെന്ന് സംഘടനയുടെ മേധാവി ഒളക്‌സാന്ദ്ര മാത്‌വിചുക്ക് ആവശ്യപ്പെട്ടു.

Advertisement
Advertisement