സ്മാർട്ട് വെൻഡിംഗ് സോൺ 'പൂട്ടിൽ'; കാത്തിരിപ്പ് തുടർന്ന് കച്ചവടക്കാർ

Saturday 08 October 2022 2:12 AM IST

തിരുവനന്തപുരം:ഉദ്‌ഘാടനം കഴിഞ്ഞ് മാസമൊന്ന് പിന്നിട്ടിട്ടും സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള സ്‌മാർട്ട് വെൻഡിംഗ് സോൺ ഇപ്പോഴും പൂട്ടിലാണ്. നഗരത്തിലെ വഴിയോരക്കച്ചവടത്തിന് പുതിയ മുഖം നൽകുകയെന്ന ലക്ഷ്യത്തോടെ നിർമ്മിച്ച സ്മാർട്ട് വെൻഡിംഗ് സോൺ ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. ആർ.കെ.വി റോഡിലെ വഴിയോരക്കച്ചവടക്കാരെ കൊവിഡിന്റെ ആദ്യഘട്ടത്തിൽ പദ്ധതിക്കായി മാറ്റിപ്പാർപ്പിച്ചിരുന്നു. ആഗസ്റ്റിലാണ് മന്ത്രിയായിരുന്ന എം.വി.ഗോവിന്ദൻ പുതിയ കടമുറികളുടെ ഉദ്ഘാടനം നിർവഹിച്ചത്. കടമുറികൾ തുറക്കാൻ വൈകുന്നതിനാൽ പ്രദേശത്തെ കച്ചവടക്കാർ ആശങ്കയിലാണ്.

കാത്തിരിപ്പല്ലാതെ മറ്റുവഴിയില്ലെന്ന് കച്ചവടക്കാർ


കടമുറികൾ തുറന്നുതരാത്തതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. കഴിഞ്ഞ മാസം വാടകയും മറ്റ് നിക്ഷേപവും സംബന്ധിച്ച് കച്ചവടക്കാരും അധികൃതരുമായി ചർച്ച നടന്നെങ്കിലും അന്തിമ നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കച്ചവടക്കാർ പറയുന്നു. 46 കച്ചവടക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി സോണിനുണ്ട്. ഇതിൽ 12 പേർക്ക് അനുവദിച്ച കടമുറികളിൽ മേൽക്കൂരയില്ല. 18 എണ്ണത്തിൽ തത്സമയ പാചക കൗണ്ടറുകളും ഉണ്ടാകും. ഈ സ്ഥലപരിമിതിയിൽ പാചകവും വിപണനവും അസാദ്ധ്യമെന്നാണ് കച്ചവടക്കാർ പറയുന്നത്. ഈ കാര്യം അധികൃതരോട് സൂചിപ്പിച്ചെങ്കിലും മറുപടി ഉണ്ടായിട്ടില്ല.

കടമുറികൾ ഉടൻ തുറക്കുമെന്ന് അധികൃതർ


വാടകക്കാർക്കുള്ള കരാർ തയ്യാറാക്കുന്നതിൽ കാലതാമസം ഉണ്ടായതിനാലാണ് സോൺ തുറക്കാൻ വൈകുന്നതെന്നും അടുത്ത ദിവസങ്ങളിൽ താക്കോൽ വെൻഡർമാർക്ക് കൈമാറുകയാണ് ലക്ഷ്യമെന്നും നഗരസഭാ അധികൃതർ പറഞ്ഞു. മ്യൂസിയം ജംഗ്ഷൻ മുതൽ 200 മീറ്റർ വരെ നീളുന്ന ആർ.കെ.വി റോഡിന് ശരാശരി 14.5 മീറ്റർ വീതിയുണ്ട്. റോഡിന് ഒരു വശത്ത് കടമുറികളും 7.5 മീറ്റർ വേർതിരിക്കപ്പെട്ട കാരിയേജ് വേയും ഉണ്ട്. 46 കച്ചവടക്കാർക്കും 30 കാറുകൾക്കും 50 ഇരുചക്രവാഹനങ്ങൾക്കും പാർക്ക് ചെയ്യാവുന്ന രീതിയിലാണ് സോണിന്റെ രൂപകല്പന. ഗതാഗതക്കുരുക്കും തിരക്കും ഉണ്ടാകാത്ത വിധമാണ് ഈ ക്രമീകരണം.

Advertisement
Advertisement